2 ലക്ഷം മരം വെട്ടി സ്മാർട് സിറ്റി:ഡികെയുടെ സ്വപ്‌നപദ്ധതി വിവാദത്തിൽ, രാഹുലിന്റെ നയം കാറ്റിൽപ്പറത്തി

ബെംഗളൂരു: രാഹുൽ ഗാന്ധിയുടെ പരിസ്ഥിതി സംരക്ഷണ നയത്തെ മറികടന്ന് ബെംഗളൂരുവിലെ ബിഡദിയിൽ പുതിയ ടൗൺഷിപ്പ് നിർമിക്കാൻ പദ്ധതിയുമായി കർണാടക സർക്കാർ. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സ്വപ്‌ന പദ്ധതി എന്നറിയപ്പെടുന്ന ബിഡദി സ്മാർട്ട് സിറ്റി പദ്ധതിക്കു വേണ്ടി രണ്ടു ലക്ഷത്തിലേറെ മരങ്ങളാണ് വെട്ടേണ്ടിവരുന്നത്. 7481 ഏക്കർ സ്ഥലം വേണ്ടിവരുന്ന പദ്ധതിക്കു വേണ്ടി ഏറ്റെടുക്കുന്നത് ബഹുഭൂരിപക്ഷവും കൃഷിയിടമാണ്. രാമനഗര, ഹരോഹള്ളി താലൂക്കുകളിലായി ഒൻപത് ഗ്രാമങ്ങളിലെ കൃഷിസ്ഥലങ്ങളാണ് നഷ്ടമാകുന്നത്.
പൊന്നുംവില നൽകി സ്ഥലം ഏറ്റെടുക്കുമെന്നാണ് സർക്കാർ പ്രഖ്യാപനമെങ്കിലും കർഷകർ പ്രതിഷേധം തുടരുന്നു. മുഖ്യപ്രതിപക്ഷമായ ബി.ജെ.പിയും ജെ.ഡി.എസും പദ്ധതിക്കെതിരേ രംഗത്ത് വന്നു. ജെ.ഡി.എസ്. കർഷകരെ സംഘടിപ്പിച്ചുകൊണ്ട് വൻ റാലി നടത്തി. മുഖ്യമന്ത്രിയുടെ റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ ഭാഗമാണിതെന്ന് ജെ.ഡി.എസ്. നേതാവും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു.
രാജ്യത്തെ ആദ്യ എ.ഐ. സിറ്റി എന്ന വിശേഷണത്തോടെയാണ് ബിഡദി സ്മാർട്ട് സിറ്റി പദ്ധതി നടപ്പാക്കുന്നത്. ഐ.ഐ. മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന സംരംഭങ്ങൾ കൊണ്ടുവരുന്നതിന് ലക്ഷ്യമാക്കിയാണ് സമ്പൂർണ ടൗൺഷിപ്പ് ഒരുക്കാൻ സർക്കാർ പദ്ധതിയിടുന്നത്. വ്യവസായ സംരംഭങ്ങൾക്കുള്ള അത്യാധുനിക സൗകര്യങ്ങൾക്ക് ഒപ്പം പാർപ്പിട മേഖല, വ്യാപാര സമുച്ചയങ്ങൾ, രാജ്യാന്തര നിലവാരമുള്ള ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയും സ്മാർട്ട് സിറ്റിയുടെ ഭാഗമാണ്. 18,133 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
തെങ്ങ്, കവുങ്ങ്, മാവ്, സപ്പോട്ട എന്നീ ഫലവൃക്ഷങ്ങളാണ് വെട്ടിമാറ്റേണ്ടിവരുന്നത്. 87,903 തെങ്ങുകൾ, 83,536 കവുങ്ങുകൾ, 12,550 മാവുകൾ, 2,344 സപ്പോട്ട മരങ്ങൾ എന്നിവ വെട്ടിമാറ്റണമെന്നാണ് പ്രാഥമിക കണക്കുകൾ. ഇതിനൊപ്പം മൂന്ന് ലക്ഷത്തോളം വാഴ കൃഷി ചെയ്യുന്ന തോട്ടങ്ങളും നഷ്ടമാകും. 231 ഏക്കർ റാഗി കൃഷിയും നഷ്ടമാകും. 3,500ഓളം കർഷക കുടുംബത്തിന്റെ ഉപജീവനമാർഗം നഷ്ടമാകുമെന്നും കണക്കാക്കുന്നു. പദ്ധതിക്കെതിരേ കർഷകർ ആരംഭിച്ച സമരം ഒരു വർഷം പിന്നിട്ടിരിക്കുകയാണ്.
Content Highlights: Proposed Bidadi Smart City requires cutting over 200,000 fruit-bearing trees., Project impacts 7,481 acres of agricultural land across nine villages., Estimated cost of 18,133 crore INR for India's first AI City., Ongoing farmer protests marking one year against land acquisition., Political opposition from BJP and JDS alleging real estate interests.