വെള്ളരി കൃഷിക്ക് സ്വന്തം വകുപ്പിൽനിന്ന് സബ്സിഡി; ഒരുകോടി തിരിച്ചടച്ച് കേന്ദ്രമന്ത്രി ഭഗീരഥ് ചൗധരി

ന്യൂഡൽഹി: സ്വന്തം മന്ത്രാലയത്തിന് കീഴിലുള്ള പദ്ധതിയിൽനിന്ന് തന്റെ കൃഷിയിടത്തിനായി കൈപ്പറ്റിയ 99 ലക്ഷം രൂപയുടെ സബ്‌സിഡി തുക കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരി തിരിച്ചുനൽകി. മാധ്യമവാർത്തകളെത്തുടർന്ന് ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെയാണ് മന്ത്രിയുടെ നടപടി. ഇക്കാര്യം കേന്ദ്രസർക്കാർ ചൊവ്വാഴ്ച ലോക്സഭയെ ഔദ്യോഗികമായി അറിയിച്ചു.
കൈപ്പറ്റിയ സബ്‌സിഡി തുക ബന്ധപ്പെട്ട ബാങ്കിൽ തിരിച്ചടച്ചതായി ഭഗീരഥ് ചൗധരി അറിയിച്ചുവെന്ന് കൃഷി സഹമന്ത്രി രാംനാഥ് താക്കൂർ പാർലമെന്റിൽ വ്യക്തമാക്കി. ഈ തുക നാഷണൽ ഹോർട്ടികൾച്ചർ ബോർഡിന് തിരികെ നൽകാൻ ബാങ്കിന് നിർദ്ദേശം നൽകിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
രാജസ്ഥാനിലെ പീഹ് ഗ്രാമത്തിലെ തന്റെ ഫാം ഹൗസിൽ വെള്ളരി കൃഷിക്കായി നാല് പോളിഹൗസുകൾ നിർമിക്കുന്നതിനാണ് മന്ത്രി സബ്‌സിഡി വാങ്ങിയത്. മന്ത്രിതന്നെ വൈസ് പ്രസിഡന്റായ നാഷണൽ ഹോർട്ടികൾച്ചർ ബോർഡിന് കീഴിലുള്ള പദ്ധതിയിൽനിന്നാണ് ഈ തുക അനുവദിച്ചത് എന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
1.99 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിക്കായി മന്ത്രി എച്ച്.ഡി.എഫ്.സി ബാങ്കിൽ നിന്ന് 1.49 കോടി രൂപ വായ്പ എടുത്തിരുന്നു. ഈ വായ്പയിലേക്കാണ് സബ്സിഡി തുക അനുവദിച്ചത്. സാധാരണ കർഷകർക്ക് ആനുകൂല്യങ്ങൾ ലഭിക്കാൻ കാലതാമസം നേരിടുമ്പോൾ മന്ത്രിയുടെ അപേക്ഷയ്ക്ക് വെറും 14 ദിവസത്തിനുള്ളിൽ പ്രാഥമിക അനുമതി ലഭിച്ചുവെന്നും നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്നും ആരോപണമുയർന്നിരുന്നു.
താൻ കുട്ടിക്കാലം മുതൽക്കേ കർഷകനാണെന്നും മന്ത്രിയാകുന്നതിന് വർഷങ്ങൾക്ക് മുമ്പ് 2018-ലാണ് സബ്‌സിഡിക്കായി അപേക്ഷിച്ചതെന്നുമാണ് ഭഗീരഥ് ചൗധരി ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. വായ്പയെക്കുറിച്ചും സബ്‌സിഡിയെക്കുറിച്ചുമുള്ള വിവരങ്ങൾ ബോർഡിനെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.