ബെംഗളൂരു ദുരന്തം: 'മകളുടെ മരണത്തിന്റെ ഉത്തരവാദി സര്‍ക്കാരാണ്, യാചിച്ചിട്ടും പോലീസ് സഹായിച്ചില്ല'

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിനുമുന്നിലെ തിക്കിലുംതിരക്കിലുംപെട്ട് മരിച്ച 15 വയസ്സുകാരി ദിവ്യാന്‍ഷിയുടെ കേസില്‍ എഫ്‌ഐആര്‍ ഫയല്‍ചെയ്യാന്‍ ഏകദേശം നാലുമണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നതായി കുടുംബം. പോലീസും ഉദ്യോഗസ്ഥരും എല്ലാഘട്ടത്തിലും നിരുത്തരവാദപരമായാണ് പെരുമാറിയതെന്നും കുടുംബം ആരോപിച്ചു.
15-ാം നമ്പര്‍ ഗേറ്റിനുമുന്നിലെ തിരക്കില്‍ തള്ളിയിട്ടതിനെത്തുടര്‍ന്നാണ് മകള്‍ മരിച്ചതെന്ന് പിതാവ് ശിവകുമാര്‍ വിവരിച്ചു. ആസമയത്ത് തന്റെ ഭാര്യയും സഹോദരിയും അവിടെയുണ്ടായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മകള്‍ക്ക് പരിക്കേറ്റിട്ടും വേണ്ടത്ര പിന്തുണ സുരക്ഷാ ഉദ്യോഗസ്ഥരില്‍നിന്ന് ലഭിച്ചില്ല. അവര്‍ ശരിയായ പ്രഥമശുശ്രൂഷപോലും നല്‍കിയില്ല. ഭാര്യ സഹായത്തിനായി യാചിക്കുകയായിരുന്നു. ഒടുവില്‍ മകളെ പോലീസിന്റെ സഹായംലഭിക്കാതായപ്പോള്‍ ഒരു ഓട്ടോയിലാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. തുടര്‍ന്ന് എഫ്‌ഐആര്‍ ഫയല്‍ചെയ്യാന്‍പോലും ഞങ്ങള്‍ക്ക് ആശുപത്രിയില്‍ നാലുമണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നു.
പിന്നീട് പെണ്‍കുട്ടിയുടെ മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്കും സംസ്‌കാരത്തിനുമായി ആന്ധ്രപ്രദേശിലേക്ക് കൊണ്ടുപോയി. അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇത്രയും ജനക്കൂട്ടമെത്തുന്ന പരിപാടിക്ക് എന്തുകൊണ്ടാണ് ശരിയായ ക്രമീകരണങ്ങള്‍ ചെയ്യാതിരുന്നതെന്നും ശിവകുമാര്‍ ചോദിച്ചു.
Content Highlights: 15-year-old girl dies in Bengaluru stadium crush; family alleges police negligence and delays