17 സ്റ്റേഷനുകൾ പിന്നിട്ട് മാറ്റിവെക്കാനുള്ള ഹൃദയത്തിനും 31 സ്റ്റേഷനുകളിലൂടെ ശ്വാസകോശത്തിനും വഴിയൊരുക്കി നമ്മ മെട്രോ

മാറ്റിവെക്കാനുള്ള അവയവങ്ങളുമായി നീങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ | Photo : X / @NarayanaHealth
മാറ്റിവെക്കാനുള്ള അവയവങ്ങളുമായി നീങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ | Photo : X / @NarayanaHealth

ബെംഗളൂരു: ആശുപത്രിയിൽ രോഗികൾക്ക് മാറ്റിവെക്കാനുള്ള അവയവങ്ങൾ ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിൽ പെടാതെ സുരക്ഷിതമായും വേഗത്തിലും എത്തിക്കാൻ വഴിയൊരുക്കി വീണ്ടും നമ്മ മെട്രോ. ഒരുഹൃദയവും ഒരുജോഡി ശ്വാസകോശവും വ്യാഴാഴ്ച ബെംഗളൂരു മെട്രോ തീവണ്ടിവഴി നഗരത്തിന്റെ ഒരുഭാഗത്തെ ആശുപത്രിയിൽനിന്ന് മറ്റൊരുവശത്തുള്ള രണ്ടാശുപത്രികളിലേക്ക് എത്തിച്ചു.

സ്പർശ് ആശുപത്രിയിൽനിന്നുമാണ് അവയവങ്ങളുമായി ആരോഗ്യപ്രവർത്തകർ യാത്ര തുടങ്ങിയത്. നാരായണ ഹെൽത്ത് സിറ്റിയിലേക്കും ആസ്റ്റർ ആർവി ആശുപത്രിയിലേക്കുമായിരുന്നു അവയവങ്ങളുടെ യാത്ര. ആശുപത്രിക്ക് അടുത്തുള്ള ഗൊരഗുണ്ടപാളയ മെട്രോ സ്റ്റേഷനിലേക്ക് ആംബുലൻസിലെത്തി.

അവിടെനിന്നും മെട്രോയാത്ര ആരംഭിച്ചു. രാവിലെ 9.34-ന് ഹൃദയവുമായായിരുന്നു ആദ്യയാത്ര. 17 സ്റ്റേഷനുകൾ പിന്നിട്ട് 41 മിനിറ്റിനകം ബനശങ്കരി മെട്രോ സ്റ്റേഷനിലിറങ്ങി. തുടർന്ന് ആംബുലൻസിൽ ലക്ഷ്യസ്ഥാനത്തെ ആശുപത്രിയിലേക്ക് നീങ്ങി. ശ്വാസകോശവുമായി ഗൊരഗുണ്ടപാളയ മെട്രോ സ്റ്റേഷനിൽനിന്നും ആരോഗ്യപ്രവർത്തകർ രാവിലെ 10.05-നാണ് പുറപ്പെട്ടത്.

ആർവി റോഡിലെ ഇന്റർചെയ്ഞ്ച് സ്റ്റേഷനും പിന്നിട്ട് 31 സ്റ്റേഷനുകളിലൂടെ ഒരു മണിക്കൂറും എട്ടു മിനിറ്റുമെടുത്ത് ബൊമ്മസാന്ദ്ര മെട്രോ സ്റ്റേഷനിലെത്തി. അവിടെയിറങ്ങി ആംബുലൻസിൽ ആശുപത്രിയിലേക്ക്. നേരത്തെയും ഹൃദയവും കരളും ആശുപത്രികളിലേക്ക് എത്തിക്കാൻ നമ്മ മെട്രോ വഴിയൊരുക്കിയിട്ടുണ്ട്.

Content Highlights: Bengaluru Metro`s `Namma Metro` ensures fast, safe organ transport, bypassing traffic. Learn how it`s saving lives by reaching hospitals quickly.