കേസ് ഒഴിവാക്കാൻ 3 കോടി, കുട്ടിയെ കാണാന്‍ 30 ലക്ഷം; പിന്നാലെ ആത്മഹത്യ, നീതി തേടി യുവാവിന്റെ കുടുംബം

ബെംഗളൂരു: ഭാര്യയ്ക്കും ഭാര്യയുടെ ബന്ധുക്കള്‍ക്കുമെതിരെ 24 പേജുള്ള ആത്മഹത്യാ കുറിപ്പെഴുതി ആത്മഹത്യചെയ്ത യുവാവ് ഭാര്യയിൽനിന്നും ഭാര്യയുടെ കുടുംബക്കാരിൽനിന്നും നേരിട്ട മാനസിക സമ്മർദ്ദങ്ങൾ ചർച്ചയാകുന്നു.
സ്വകാര്യ കമ്പനിയിലെ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്ന അതുൽ സുഭാഷിനെതിരെ ഭാര്യ നല്കിയ കേസുകൾ പിന്‍വലിക്കാനായി മൂന്ന് കോടി രൂപയും കുട്ടിയെ സന്ദര്‍ശിക്കാനുള്ള അനുമതി ലഭിക്കാനായി വന്‍തുകയും ഭാര്യയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നതായാണ് ആരോപണം. ദാമ്പത്യജീവിതത്തിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരമായി ദ്രോഹിക്കുന്നുവെന്ന് ആത്മഹത്യാ കുറിപ്പില്‍ അതുല്‍ പറയുന്നു.
കർണാടകയിലെ മറാത്തഹള്ളി സ്വദേശിയായ അതുല്‍ സുഭാഷ് ഉത്തർപ്രദേശ് സ്വദേശിയായ ഭാര്യയുമായി പിരിഞ്ഞ് ഒറ്റക്കാണ് കഴിഞ്ഞിരുന്നത്. കുട്ടിയെ സന്ദര്‍ശിക്കുന്നതിനുള്ള അനുമതി ലഭിക്കാനായി 30 ലക്ഷം രൂപ ഭാര്യയുടെ കുടുംബം അതുലിനോട് ആവശ്യപ്പെട്ടിരുന്നതായും പറയുന്നു. ഭാര്യക്കും മകനും ചെലവിനായി പ്രതിമാസം രണ്ടു ലക്ഷം രൂപ ഭാര്യ ആവശ്യപ്പെട്ടിരുന്നതായും ആരോപണമുണ്ട്.
വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്തിരുന്ന ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ കുടുംബ കോടതിയിലെ വനിത ജഡ്ജി ഭാര്യയുടെ കുടുംബക്കാരുടെ പക്ഷത്തുനിന്നു മാത്രമാണ് തുടക്കം മുതല്‍ കേസ് കൈകാര്യം ചെയ്തിരുന്നതെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. അഞ്ചു ലക്ഷം രൂപ നല്കിയാല് കേസ് ഒതുക്കി തീര്‍ക്കാമെന്ന് ജഡ്ജി പറഞ്ഞിരുന്നതായും ആത്മഹത്യാ കുറിപ്പില്‍ അതുല്‍ പറയുന്നു.
കുടുംബവഴക്കാണ് അതുല്‍ സുഭാഷിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആദ്യം പുറത്തു വന്ന വാര്‍ത്തകള്‍. അതുലിന്റെ ഭാര്യാസഹോദരനായ ബികാസ് കുമാര്‍, ഭാര്യ നിഖിത സിങ്കാനിയ, ഭാര്യയുടെ അമ്മ നിഷ സഹോദരന് അനുരാഗ് എന്നിവര്ക്കിവര്ക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
അതുലിനെതിരെ ഭാര്യ ഉത്തര്‍പ്രദേശിലെ കോടതിയില്‍ കേസ് കൊടുത്തിരുന്നുവെന്ന് പോലീസ് അറിയിച്ചിരുന്നു. അടുത്തിടെ ഈ കേസിന്റെ വിധിയും വന്നിരുന്നു. തനിക്കെതിരായ വിധിയില്‍ അതുല്‍ അസ്വസ്ഥനായിരുന്നുവെന്നാണ് പോലീസ് നൽകിയ വിവരം. ഒമ്പത് വ്യാജ പരാതികളുള്പ്പടെ തനിക്കെതിരെ ഭാര്യയുടെ കുടുംബക്കാര് നടത്തിയ മാനസിക പീഡനങ്ങള്‍ നിരത്തിപ്പറഞ്ഞാണ് ആത്മഹത്യാ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. തനിക്കെതിരെ ആറു കേസുകള്‍ വിചാരണ കോടതിയിലും മൂന്ന് കേസ് ഹൈക്കോടതിയിലും ഭാര്യ നല്കിയിട്ടുള്ളതായി ആത്മത്യാ കുറിപ്പില്‍ പറയുന്നുണ്ട്.
24 പേജുള്ള ആത്മഹത്യാ കുറിപ്പിന്റെ നാല് പേജ് സ്വന്തം കൈപ്പടയിലെഴുതിയതാണ്. ബാക്കി 20 പേജ് ടൈപ്പ് ചെയ്ത് പ്രിന്റെടുത്തതാണ്. പരിചയക്കാരായ നിരവധി പേര്‍ക്ക് അതുല്‍ ഇ-മെയില്‍ വഴി ആത്മഹത്യാ കുറിപ്പ് അയച്ചുകൊടുത്തിരുന്നു. കൂടാതെ താന്‍ ഭാഗമായ എന്‍.ജി.ഒയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലും അതുല്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.
ആത്മഹത്യയ്ക്ക് മുമ്പായി 'നീതി കിട്ടണം' എന്നെഴുതിയ പ്ലക്കാര്‍ഡ് അതുല്‍ വീടിന് മുന്നില്‍ സ്ഥാപിച്ചു. ഈ വാക്കുകളോടെയാണ് അതുലിന്റെ ആത്മഹത്യാ കുറിപ്പ് തുടങ്ങുന്നതും. കൂടാതെ ആത്മഹത്യാ കുറിപ്പ്, കാറിന്റെ താക്കോല്‍, ചെയ്തു തീര്‍ത്തതും ചെയ്യാന്‍ ബാക്കിയുള്ളതുമായ കാര്യങ്ങളുടെ പട്ടിക എന്നിവയെല്ലാം രേഖപ്പെടുത്തിയിരുന്നു.
ആത്മഹത്യക്കു തൊട്ടുമുന്‍പ് അതുല്‍ പങ്കുവെച്ച ഒന്നരമണിക്കൂര്‍ നീണ്ട വീഡിയോ സന്ദേശം എക്സ് ഉള്‍പ്പടെയുള്ള സമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കി. ദാമ്പത്യജീവിതത്തില്‍ പുരുഷന്മാര് നേരിടുന്ന വെല്ലുവിളികളെ കുറിച്ചും സമൂഹിക സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങേണ്ടി വരുമ്പോള്‍ ഇല്ലാതാകുന്ന മാനസിക ആരോഗ്യത്തെക്കുറിച്ചും സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതുലിന് നീതി ആവശ്യപ്പെട്ടുകൊണ്ട് 'ജസ്റ്റിസ് ഫോർ അതുൽ സുഭാഷ്' എന്ന ഹാഷ്ടാഗിലാണ് എക്സ് ഉൾപ്പടെയുള്ള സമൂഹിക മാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നത്. ആത്മഹത്യക്ക് പിന്നാലെ #MenToo #JusticeForAtulSubash Hastags സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായി.
അന്ത്യാഭിലാഷങ്ങൾ അക്കമിട്ടു നിരത്തിയാണ് അതുൽ ആത്മഹത്യാ കുറിപ്പ് അവസാനിപ്പിക്കുന്നത്. നിയമവ്യവസ്ഥയുടെ ഭയാനകതയും ചില സ്ത്രീകൾ ചെയ്യുന്ന അതിന്റെ ദുരുപയോഗവും രാജ്യത്തെ ജനങ്ങൾ തിരിച്ചറിയണമെന്നും കേസിന്റെ വിചാരണ ലൈവായി കാണിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നെന്നും അതുൽ പറയുന്നു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: Bengaluru man`s suicide note details extortion and harassment by his wife and her family