വാക്കുതർക്കത്തിനിടെ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി യുവാവ്

ബെംഗളൂരു: വാക്കുതർക്കത്തിനിടെ പെൺസുഹൃത്തിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്. 20 വയസ്സുകാരി അനുഷയാണ് മരിച്ചത്. പ്രതിയായ ശരത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും ഹാസൻ ജില്ലയിലെ സക്‌ലേഷ്പുർ സ്വദേശികളാണ്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് സുഹൃത്തുക്കളാവുകയും പിന്നീട് ഒരുമിച്ച് താമസിക്കുകയും ചെയ്യുന്നതിനിടെയാണ് കൊലപാതകം നടന്നത്. വാട്ടർ ടാങ്കർ ഡ്രൈവറാണ് ശരത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഇൻസ്റ്റഗ്രാമിലൂടെയാണ് അനുഷയും ശരത്തും പരിചയപ്പെട്ടത്. സൗഹൃദം പ്രണയത്തിലേക്കെത്തിയതോടെ മല്ലേശ്വരത്ത് വീട് വാടകയ്‌ക്കെടുത്തു. കഴിഞ്ഞ ആറുമാസമായി ഇരുവരും ഒന്നിച്ച് താമസിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
തിങ്കളാഴ്ച ശരത് അഭിഭാഷകനെ കണ്ട് കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Content Highlights: 27-year-old man arrested for strangling live-in partner in Malleswaram, Victim identified as 20-year-old Anusha from Sakleshpur, Crime reported to police by the accused's lawyer, Seshadripuram police have registered a case and initiated an investigation