ചോദ്യം ചെയ്യലിനിടെ താക്കോൽ വിഴുങ്ങി പ്രതി, പുറത്തെത്തിക്കാൻ നൽകിയത് 10 കിലോ വാഴപ്പഴം

#ന്യൂസ് ഡെസ്ക്

ബെംഗളൂരു: പതിനേഴുകാരിയെ കാണാതായ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി ചോദ്യം ചെയ്യലിനിടെ താക്കോൽ വിഴുങ്ങിയതോടെ നാടകീയസംഭവങ്ങൾ. ബെംഗളൂരു മദനാനായകൻഹള്ളി പോലീസ് സ്റ്റേഷനിലാണ് സംഭവം അരങ്ങേറിയത്.

ബെല്ലാരി സ്വദേശിയായ കാർത്തിക് എന്ന രാമു എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ടവർ ലൊക്കേഷൻ ഡേറ്റ ഉപയോഗിച്ചാണ് പ്രതിയെ കണ്ടെത്തിയത്. ഏപ്രിൽ 24-ന് പെൺകുട്ടിയുടെ മാതാപിതാക്കൾ കുട്ടിയെ കാണാതായതായി പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.

ചോദ്യം ചെയ്യുന്നതിനിടെ പോക്സോ നിയമപ്രകാരം കേസെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയതിനെത്തുടർന്നാണ് കാർത്തിക് ലോക്കറിന്റെ താക്കോൽ വിഴുങ്ങിയതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തെത്തുടർന്ന് ഇയാളെ ഉടൻ തന്നെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു ദിവസത്തോളം പോലീസ് സംരക്ഷണത്തിൽ ആശുപത്രിയിൽ തുടർന്നു.

സ്വാഭാവികമായി താക്കോൽ ശരീരത്തിൽനിന്ന് പുറന്തള്ളാൻ ഡോക്ടർമാരും പോലീസും കാത്തിരുന്നതായും ഈ സമയമത്രയും കാർത്തിക്കിന് ഏകദേശം 10 കിലോഗ്രാം വാഴപ്പഴം നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഒടുവിൽ താക്കോൽ പുറത്തുവന്നതായി അധികൃതർ അറിയിച്ചു.

Content Highlights: A 17-year-old girl went missing on April 24, leading to a police investigation., The accused, Karthik (alias Ramu), was tracked via tower location data., The suspect swallowed a locker key during interrogation to avoid legal repercussions., Police fed the suspect 10kg of bananas over three days to retrieve the key naturally., The key was successfully recovered after the suspect was hospitalized.