ബെംഗളൂരു വിമാനത്താവളത്തില്‍ നിസ്‌കാരം; സർക്കാരിനെതിരേ വിമർശനവുമായി ബിജെപി | Video

#ന്യൂസ് ഡെസ്‌ക്
Photo: x.com/vijayrpbjp/
Photo: x.com/vijayrpbjp/

ബെംഗളൂരു: കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുസ്‌ലിം മതസ്ഥര്‍ കൂട്ടമായി നിസ്‌കരിച്ചതിനെതിരേ കടുത്ത പ്രതിഷേധവുമായി ബിജെപി രംഗത്ത്. വിമാനത്താവളത്തിനു മുന്നില്‍ ഒരു കൂട്ടം പുരുഷന്‍മാര്‍ നിസ്‌കരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ടെര്‍മിനല്‍ രണ്ടിലായിരുന്നു സംഭവം.

പൊതുസ്ഥലങ്ങളില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരേയാണ് ബിജെപിയുടെ പ്രതിഷേധം. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെയും സംഭവത്തില്‍ വിശദീകരണം നല്‍കണമെന്ന് കര്‍ണാടക ബിജെപി വക്താവ് വിജയ് പ്രസാദ് ആവശ്യപ്പെട്ടു. പൊതുസ്ഥലത്ത് പ്രാര്‍ഥന നടത്തിയവര്‍ സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്ന നിയമത്തില്‍ അനുവദനീയമായ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നോ എന്നും ബിജെപി ചോദിച്ചു. ഉയര്‍ന്ന സുരക്ഷാമേഖലയില്‍ ഇത്തരം പ്രവൃത്തികള്‍ അനുവദിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും ബിജെപി സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടി.

ബന്ധപ്പെട്ട അധികാരികളില്‍നിന്ന് ഉചിതമായ അനുമതി നേടിയ ശേഷം ആര്‍എസ്എസ് പഥസഞ്ചലനം (റൂട്ട് മാര്‍ച്ച്) നടത്തുമ്പോള്‍ എതിര്‍ക്കുന്ന സര്‍ക്കാര്‍, നിയന്ത്രണങ്ങളുള്ള പൊതുസ്ഥലത്തെ ഇത്തരം പ്രവൃത്തികള്‍ക്കു നേരേ കണ്ണടയ്ക്കുന്നത് എന്തുകൊണ്ടാണെന്നും എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ വിജയ് പ്രസാദ് ചോദിച്ചു. ഇത്രയും സെന്‍സിറ്റീവ് മേഖലയില്‍ ഇത് ഗുരുതരമായ സുരക്ഷാ പ്രശ്നം സൃഷ്ടിക്കില്ലേ എന്നും അദ്ദേഹം ചോദിച്ചു.

Content Highlights: BJP protests against mass Namaz prayer at Bengaluru Airport. Demands explanation from Karnataka CM & IT Minister. Raises security concerns over public prayers.