‘ബംഗാളി’കൾക്കുനേരെ ആക്രമണം നടക്കുന്നു; ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കണ്ട് അധിർ ചൗധരി

ന്യൂഡൽഹി: ബംഗാളികൾക്കുനേരെ ആക്രമണം നടക്കുന്നുവെന്നും പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത് കൂടുതലാണെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി.
ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ അദ്ദേഹം അഭ്യർത്ഥിച്ചു. ഈ നടപടി വർഗീയ സംഘർഷങ്ങൾക്കും അക്രമ സംഭവങ്ങൾക്കും ഇടയാക്കുമെന്നും അദ്ദേഹം ആശങ്കപ്പെട്ടു.
'അവരുടെ ഏക കുറ്റം അവർ ബംഗാളി ഭാഷ സംസാരിക്കുന്നു എന്നതാണ്. ബംഗ്ലാദേശിൽ നിന്നുള്ള ആളുകളാണെന്ന് തെറ്റിദ്ധരിച്ച് ഭരണകൂടം ഇവരെ നുഴഞ്ഞുകയറ്റക്കാരായി കണക്കാക്കുന്നു.പശ്ചിമ ബംഗാളിലെ പല ഭാഗങ്ങളിലും മുസ്ലീം ഭൂരിപക്ഷമുണ്ട്, ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നതിനാൽ ഈ പ്രദേശങ്ങളിലെ വിവിധ സമൂഹങ്ങൾക്കിടയിൽ വർഗീയ സംഘർഷം വർധിച്ചു വരികയാണ്' ചൗധരി പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.
ബംഗാളി കുടിയേറ്റ തൊഴിലാളികൾക്കെതിരായ വിവേചനം, അക്രമം, പീഡനം എന്നിവയ്‌ക്കെതിരെ 'എല്ലാ സംസ്ഥാന സർക്കാരുകളെയും ബോധവാന്മാരാക്കാൻ' പ്രധാനമന്ത്രിയോട് അധിർ ചൗധരി അഭ്യർത്ഥിച്ചു.
ബുധനാഴ്ച ഒഡീഷയിലെ സംബാൽപുരിൽ പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ജഹാംഗിർപൂർ സ്വദേശിയായ 30 വയസ്സുള്ള കുടിയേറ്റ തൊഴിലാളി ജ്വുവൽ റാണ കൊല്ലപ്പെട്ടിരുന്നു. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരനെന്ന സംശയത്തിൽ രണ്ട് കുടിയേറ്റ തൊഴിലാളികളെ മുംബൈയിൽ അറസ്റ്റ് ചെയ്ത സംഭവവും ഉണ്ടായിരുന്നു. പശ്ചിമ ബംഗാൾ മൈഗ്രന്റ്‌സ് വെൽഫെയർ ബോർഡിന് 10 മാസത്തിനിടെ 1,143 പരാതികൾ ലഭിച്ചതായും, പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പീഡനങ്ങൾ നേരിട്ടതായും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിച്ച ചൗധരി, കത്തിലെ ആരോപണങ്ങൾ ആവർത്തിച്ചു. പ്രധാനമന്ത്രി വിഷയം പരിഗണിക്കുമെന്ന് ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു. 'ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കുടിയേറ്റ തൊഴിലാളികൾ പീഡനം നേരിടുന്നു. ഇത് അവസാനിപ്പിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിലും കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് കാര്യമായി ഒന്നും പറഞ്ഞില്ല' അദ്ദേഹം കുറ്റപ്പെടുത്തി.
Content Highlights: Congress leader Adhir Ranjan Chowdhury urged PM Modi to stop attacks on Bengalis, especially in BJP-ruled states