ബങ്കിപുരിൽ ട്വിസ്റ്റ്; സ്ഥാനാർഥിയെ മാറ്റി ബിജെപി, പ്രശാന്ത് കിഷോറിനെ നേരിടാൻ നീരജ് കുമാർ

പട്‌ന: ബിഹാറിലെ ബങ്കിപുർ നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ മാറ്റി ബിജെപി. നേരത്തെ പ്രഖ്യാപിച്ച അഭിഷേക് കുമാറിന് പകരം നീരജ് കുമാർ സിൻഹയാകും താമര ചിഹ്നത്തിൽ ജനവിധി തേടുക.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജൻ സുരാജ് പാർട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോർ ആദ്യമായി സ്ഥാനാർഥിയായി മത്സരിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണ് ബങ്കിപുരിലേത്. ബിജെപി അധ്യക്ഷൻകൂടിയായ നിതിൻ നബീൻ രാജ്യസഭാംഗമായതോടെയാണ് ബങ്കിപുർ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കുടുംബകാരണങ്ങൾ ചൂണ്ടിക്കാണിച്ച് വെള്ളിയാഴ്ച രാവിലെ അഭിഷേക് കുമാർ നാമനിർദേശ പത്രിക പിൻവലിക്കുകയായിരുന്നു. ‘ബങ്കിപുർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി എന്നെ എൻഡിഎ സ്ഥാനാർഥിയാക്കി. പാർട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളെ നന്ദി അറിയിക്കുകയാണ്. എന്നിരുന്നാലും കുടുംബപരമായ കാരണങ്ങളാൽ ഉപതിരഞ്ഞെടുപ്പിൽ എനിക്ക് മത്സരിക്കാൻ സാധിക്കില്ല’, അഭിഷേക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തീരുമാനം ബിജെപി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് സരയോഗിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിതിൻ നബീൻ പരാജയപ്പെടുത്തിയ രേഖാ ഗുപ്തയാണ് ബങ്കിപുറിലെ ആർജെഡി സ്ഥാനാർഥി. സാമൂഹിക പ്രവർത്തകയായ വീണാ മാൻവിയെയാണ് തേജ് പ്രതാപ് യാദവിന്റെ ജൻശക്തി ജനതാദൾ സ്ഥാനാർഥിയാക്കിയിരിക്കുന്നത്. ജൂലൈ മുപ്പതിനാണ് ഉപതിരഞ്ഞെടുപ്പ്. ഓഗസ്റ്റ് മൂന്നാംതീയതി ഫലം അറിയാം.
Content Highlights: BJP replaces Abhishek Kumar with Neeraj Kumar Sinha in Bankipur., The by-election features election strategist Prashant Kishor as a candidate., The seat became vacant after Nitin Nabin was elected to the Rajya Sabha., Polling is scheduled for July 30, with results expected on August 3.