നാരായൺ റാണെ ഓട്ടയുള്ള ബലൂൺ, ബി.ജെ.പി അത് വീ‍ർപ്പിക്കാൻ ശ്രമിക്കുന്നു; പരിഹാസവുമായി ശിവസേന

നാരായൺ റാണെ | ഫോട്ടോ: ANI
നാരായൺ റാണെ | ഫോട്ടോ: ANI

മുംബയ്: ഉദ്ധവ് താക്കറെയ്ക്കു നേരെയുണ്ടായ കരണത്തടി പരാമർശത്തിൽ കേന്ദ്രമന്ത്രി നാരായൺ റാണെയെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് ശിവസേന. പാർട്ടി മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിലാണ് നാരായൺ റാണെയെ തുളയുള്ള ബലൂണിനോടും തവളയോടും ഉപമിച്ചത്.

"നാരായൺ റാണെ ഒരിക്കലും ഒരു മഹാനോ ബോധമുള്ള വ്യക്തിയോ അല്ല. ശിവസേനയിൽ നിന്നാണ് റാണെ പ്രശസ്തി നേടിയത്. പാർട്ടി വിട്ടതിനുശേഷം ശിവസേന നാലുതവണ ലോക്‌സഭയിൽ റാണെയെ പരാജയപ്പെടുത്തി. നാരായൺ റാണെയെ വിവരിക്കാൻ ഏറ്റവും മികച്ച വാക്ക് ഓട്ടയുള്ള ബലൂൺ എന്നാണ്. എത്രതന്നെ കാറ്റു നിറച്ചാലും അത് വീർക്കില്ല. എന്നാൽ, ബി.ജെ.പി ഈ ഓട്ട ബലൂൺ വീർപ്പിക്കാൻ തീരുമാനിച്ചു." സാമ്‌നയുടെ മുഖപ്രസംഗത്തിൽ പറയുന്നു.

കരയുന്ന തവളയോടും ചിലർ റാണെയെ ഉപമിക്കാറുണ്ടെന്നും മുഖപ്രസംഗത്തിൽ പരാമർശമുണ്ട്. താനൊരു സ്വാഭാവിക മനുഷ്യനാണെന്ന് വിശ്വസിക്കാത്തതിനാലാണ് നാരായൺ റാണെയ്ക്ക് താൻ നിയമത്തിന് അതീതനായി തോന്നുന്നത്. റാണെ ഒരു സംസ്‌കാര ശൂന്യനാണെന്നും അതുകൊണ്ടാണ് ഒരു ഗുണ്ടാത്തലവനെ പോലെ പെരുമാറുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ പേരിൽ അടിക്കുമായിരുന്നുവെന്ന് പറഞ്ഞ കേന്ദ്രമന്ത്രി നാരായൺ റാണെയെ ഇന്നലെ നാസിക് പോലീസ് അറസ്റ്റുചെയ്തിരുന്നു. രാത്രി വൈകിയാണ് റായ്ഗഢിലെ മഹാഡ് കോടതി ജാമ്യം അനുവദിച്ചത്.

Content Highlights: 'Balloon with holes, croaking frog': Shiv Sena attacks on Narayan Rane

Content Highlights: