അയോധ്യ സംഭാവനക്കൊള്ള ‘നീറ്റാ’യി മുങ്ങി; പാർലമെന്റിൽ കേന്ദ്രസർക്കാരിനും ബിജെപിക്കും ഉർവശീശാപം ഉപകാരം

#പ്രകാശന്‍ പുതിയേട്ടി
ലോക്സഭാ സമ്മേളനം | Photo: ANI
ലോക്സഭാ സമ്മേളനം | Photo: ANI

ന്യൂഡൽഹി: വർഷകാല സമ്മേളനം ആദ്യ ആഴ്ച പിന്നിടുമ്പോൾ അയോധ്യ സംഭാവനക്കൊള്ള വിഷയം മുഴങ്ങാതെ പാർലമെന്റിന്റെ ഇരുസഭകളും. വിദ്യാർഥി സമരത്തിലും മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലും അയോധ്യ പൂർണമായും മുങ്ങി. അയോധ്യ വിഷയവും ഉയർത്താനിരുന്ന കോൺഗ്രസ് ഇന്ത്യ സഖ്യകക്ഷികളുടെ കൂടി അഭ്യർഥനപ്രകാരം വിദ്യാർഥി പ്രക്ഷോഭത്തിലാണ് ശ്രദ്ധിക്കുന്നത്. സംഭാവനക്കൊള്ളയ്ക്ക് ശേഷമുള്ള ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ രണ്ടാമത്തെ യോഗം അയോധ്യയിൽ ചേർന്ന ബുധനാഴ്ച ഡൽഹിയിലെ സി.ജെ.പി. പ്രതിഷേധത്തിലായിരുന്നു രാജ്യത്തിന്റെ ശ്രദ്ധ മുഴുവൻ. നീറ്റിൽ പ്രതിരോധത്തിലാണെങ്കിലും അയോധ്യ മുങ്ങുന്നത് കേന്ദ്രസർക്കാരിനും ബി.ജെ.പി.ക്കും ഒരു തരത്തിൽ ഉർവശീശാപം ഉപകാരം പോലെയാണ്.

പതിറ്റാണ്ടുകളോളം ബി.ജെ.പി.യുടെയും ആർ.എസ്.എസ്സിന്റെയും രാഷ്ട്രീയ-പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു രാമജന്മഭൂമി പ്രസ്ഥാനം. ബി.ജെ.പി.യെ കേന്ദ്രത്തിൽ സുസ്ഥിര ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റാൻ അയോധ്യ രാമക്ഷേത്രം വഹിച്ച പങ്കിനെക്കാൾ മറ്റൊന്നുമില്ല. രാമക്ഷേത്രവും ഉത്തർപ്രദേശിലെ തന്നെ കാശി, വാരാണസി ക്ഷേത്രവിഷയങ്ങളും കൂടി ഉന്നയിച്ച് 2029 തിരഞ്ഞെടുപ്പിലും മണ്ഡലപുനർനിർണയത്തിലൂടെ അധികാരത്തിലേറാമെന്ന പ്രതീക്ഷയോടെ മുന്നേറുന്നതിനിടയിലാണ് അയോധ്യ സംഭാവനക്കൊള്ള ഉയർന്നുവരുന്നത്. വലിയ തോതിൽ രാജ്യവ്യാപകമായി രാഷ്ട്രീയ പ്രചാരണം നേടുമെന്നുറപ്പുള്ളതിനാൽ ഇതിനെ പ്രതിരോധിക്കാൻ ബി.ജെ.പി. കിണഞ്ഞു പരിശ്രമിക്കുമ്പോഴാണ് പാറ്റ സമരം ശക്തി പ്രാപിച്ചത്. അതിനാൽ സമരത്തെ പൂർണമായും അവഗണിക്കുക എന്ന തന്ത്രമാണ് സർക്കാർ തുടക്കം മുതൽ കൈക്കൊണ്ടത്. എന്നാൽ വിദ്യാർഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധിയും കോൺഗ്രസ്സും പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം നടത്തിയതോടെ വിദ്യാർഥി സമരവും തിരിച്ചടിയാവുമെന്ന തിരിച്ചറിവിലേക്ക് കേന്ദ്രസർക്കാർ എത്തി.

ഡൽഹിയിലെ പ്രതിഷേധങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പുതിയ യാഥാർഥ്യവും തുറന്നുകാട്ടുന്നു. പാർലമെന്റിനകത്തും പുറത്തും പരമ്പരാഗത രാഷ്ട്രീയപ്പാർട്ടികൾ പല വിഷയങ്ങളിൽ പ്രതിഷേധിച്ചിട്ടും ദേശീയ തലത്തിലെ മുഖ്യപ്രചാരണ അജൻഡ നിശ്ചയിച്ചത് സമൂഹമാധ്യമങ്ങളിലൂടെ യുവജനങ്ങളാണെന്ന കാര്യം. സി.ജെ.പി. പ്രതിഷേധത്തിന്റെ നേരെയുള്ള പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത് ഞൊടിയിടയിലാണ്. നിമിഷങ്ങൾക്കകം വീഡിയോ ക്ലിപ്പുകളും ചിത്രങ്ങളും ലക്ഷക്കണക്കിന് ആളുകളിലേക്കെത്തി. സമരത്തെ അവഗണിച്ച മുഖ്യധാരാ ടെലിവിഷൻ വാർത്താ ചാനലുകൾക്ക് ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ ദൃശ്യങ്ങൾ പ്രക്ഷേപണം ചെയ്യേണ്ട സ്ഥിതിയായി. അടുത്ത ദിവസം കോൺഗ്രസ് നടത്തിയ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലുള്ള അപ്രതീക്ഷിത സമരവും ശ്രദ്ധ നേടി. ഈ രണ്ട് സംഭവങ്ങളും വിരൽചൂണ്ടുന്ന യാഥാർഥ്യം, രാഷ്ട്രീയത്തിലിപ്പോൾ വിജയിക്കുന്നത് ഏറ്റവും വലിയ വിഷയമല്ല; ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന വിഷയമാണെന്നതാണ്. രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രം മാറിയതോടെ അയോധ്യ വിഷയവും തമസ്‌കരിക്കപ്പെട്ടതങ്ങനെയാണ്.

മറ്റൊരു നിർണായക മാറ്റവും ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രകടമാവുകയാണ്. വിദ്യാർഥി സമൂഹത്തിന്റെ രാഷ്ട്രീയ പങ്കാളിത്തം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ രൂപപ്പെടുന്നു. സി.ജെ.പി. പ്രതിഷേധത്തിലെ പങ്കാളിത്ത ബാഹുല്യത്തിന് പിന്നിൽ ഈ ഡിജിറ്റൽ കാരണങ്ങളും ഉണ്ട്. ഇൻസ്റ്റഗ്രാം റീൽസ്, എക്സ്, യൂട്യൂബ് ഷോർട്‌സ്, വാട്സ്ആപ്പ് ഗ്രൂപ്പുകൾ, ടെലിഗ്രാം ചാനലുകൾ തുടങ്ങിയ സമൂഹമാധ്യമങ്ങളാണ് സമരത്തിനെത്തിയ വിദ്യാർഥികളെ പ്രധാനമായും സ്വാധീനിച്ചത്. ഈ വിദ്യാർഥികളൊന്നും ഒരു രാഷ്ട്രീയപ്പാർട്ടിയുടെയും ഭാഗമല്ല. പ്രതിഷേധ സ്ഥലത്ത് നിന്ന് അവർ ചിത്രം പങ്കുവെക്കുന്നു, ഹാഷ്ടാഗ് ഉപയോഗിക്കുന്നു, ലൈവ് വീഡിയോ ഇടുന്നു, രാഷ്ട്രീയ പ്രതിരോധം തീർക്കുന്നു. മുഖ്യധാരാമാധ്യമങ്ങളെല്ലാം അവരുടെ വിജയിച്ച സമരത്തെയാണ് കൊണ്ടാടുന്നത്. അതേസമയം, രാജ്യത്തെ കോൺഗ്രസ്സടക്കമുള്ള പ്രധാന പ്രതിപക്ഷ കക്ഷികൾക്ക് വിദ്യാർഥി-യുവജന സംഘടനകളുണ്ടെങ്കിലും, ഡിജിറ്റൽ മേഖല രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങൾക്ക് മാത്രമായാണവർ ഉപയോഗിക്കുന്നത്. ബി.ജെ.പി.യാകട്ടെ വാട്‌സ്ആപ്പടക്കമുള്ള മാധ്യമങ്ങൾ കൃത്യമായി പ്രചാരണത്തിന് താഴെത്തട്ടിൽ ഉപയോഗിക്കുന്നുണ്ട് താനും.

കർഷക സമരം, സി.ഐ.എ. സമരം തുടങ്ങിയവ പോലെ ബി.ജെ.പി.ക്ക് എളുപ്പം പാറ്റ സമരം തള്ളിക്കളയാനാവില്ല. കർഷക സമരത്തിൽ ഒരു പ്രത്യേക പ്രദേശത്തുള്ളവരാണുണ്ടായിരുന്നത്. സി.ഐ.എ. സമരത്തിൽ പ്രധാനമായും ഒരു മതവിഭാഗവും. വിദ്യാർഥി സമരത്തിനെത്തിയവരിൽ ഭൂരിഭാഗവും 18-22 വയസ്സുള്ളവരാണ്. നരേന്ദ്രമോദി 2014-ൽ അധികാരത്തിൽ ആറും പത്തും വയസ്സുള്ളവർ. ബി.ജെ.പി. വരുന്നത് ആവേശം കൊണ്ട ജനതയല്ല അവരെന്നതിനാൽത്തന്നെ, ബി.ജെ.പി. ഇക്കാര്യത്തിൽ കരുതലോടെ നീങ്ങേണ്ടി വരും.

Content Highlights: The ongoing student protests led by CJP over the NEET controversy and demands for Education Minister Dharmendra Pradhan's resignation have completely overshadowed the Ayodhya donation scam in Parliament during the first week of the monsoon session, offering temporary relief to the ruling BJP.