അയോധ്യ ക്ഷേത്ര ട്രസ്റ്റിനു ലഭിച്ച 60 കിലോഗ്രാം വെള്ളിക്കട്ടികൾ കാണാനില്ല

അയോധ്യ: അയോധ്യ രാമക്ഷേത്ര ട്രസ്റ്റിനു ലഭിച്ച സംഭാവനകളിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തെത്തുടർന്ന് എസ്.ഐ.ടി. അന്വേഷണം നടക്കുന്നതിനിടെ, സംഭാവനയായി ലഭിച്ച 60 കിലോഗ്രാം വെള്ളിക്കട്ടികൾ രേഖകളിലില്ലെന്ന് കണ്ടെത്തൽ. പ്രാണപ്രതിഷ്ഠാചടങ്ങിനിടെ ജൂവലേഴ്‌സ് അസോസിയേഷൻ എന്ന സംഘടന രാം ലല്ലയ്ക്ക് സമർപ്പിച്ചവയാണിവയെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് രാം ലല്ലയ്ക്കു ലഭിക്കുന്ന ആഭരണങ്ങളുടെയും മറ്റും മേൽനോട്ടച്ചുമതലയുള്ള കൃഷ്ണദേവ് തിവാരിയുൾപ്പെടെ നാലു പുരോഹിതൻമാരെ എസ്.ഐ.ടി. സംഘം ചോദ്യംചെയ്തു.
യു.പി. സർക്കാർ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് അയോധ്യയിലെ സംഭാവനാക്രമക്കേട്, സാമ്പത്തികത്തട്ടിപ്പ് ആരോപണങ്ങൾ അന്വേഷിക്കുന്നത്. രാജ്യത്തുടനീളമുള്ള ജൂവലറികളിൽനിന്നുള്ള സംഭാവനകൾ ഉപയോഗിച്ചാണ് 60 കിലോഗ്രാം വെള്ളിക്കട്ടികൾ ക്ഷേത്രത്തിനു നൽകിയതെന്ന് അസോസിയേഷൻ പ്രസിഡന്റ് അനുരാഗ് റസ്തോഗി പറഞ്ഞു. എന്നാൽ, ശിലാസ്ഥാപനച്ചടങ്ങുകളിലോ പിന്നീടുള്ള നിർമാണപ്രവർത്തനങ്ങളിലോ ഇവ കണ്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.
Content Highlights: SIT investigating allegations of financial irregularities in Ayodhya Ram Temple donations., Discovery of 60kg of silver missing from official temple records., Donation was reportedly made by the Jewelers Association during the consecration ceremony