അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള; ചമ്പത് റായ്,അനിൽ കുമാർ മിശ്ര എന്നിവരെ സാക്ഷികളാക്കി കുറ്റപത്രം

#ന്യൂസ് ഡെസ്ക്
ചമ്പത് റായ് | Photo: PTI
ചമ്പത് റായ് | Photo: PTI

അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ രാമക്ഷേത്രം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയെ സാക്ഷിയാക്കി കുറ്റപത്രം. 133 സാക്ഷികളിൽ അനിൽ മിശ്രയുമുണ്ട്. ട്രെയിൻ യാത്രയ്ക്കിടെയാണ് ചമ്പത് റായ് വിവരമറിയുന്നത് എന്നാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രത്തിൽ പറയുന്നത്. എട്ട് പ്രതികളാണ് കേസിലുള്ളത്.  സംഭാവന തട്ടിപ്പ് ആരോപണം ഉയർന്നതിനെ തുടർന്ന് ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയായിരുന്ന ചമ്പത് റായിയും അംഗമായിരുന്ന അനിൽ മിശ്രയും സ്ഥാനം രാജിവെച്ചിരുന്നു.

കൊള്ളയുടെ പ്രധാന ആസൂത്രകൻ അനുകൽപ് മിശ്രയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് ഡിലീറ്റ് ചെയ്ത മൂവായിരം സന്ദേശങ്ങൾ വീണ്ടെടുത്തു. കുറ്റപത്രത്തിൽ ആകെ 133 സാക്ഷികളാണുള്ളത്. പരാതിക്കാരനായ ട്രസ്റ്റ് അംഗം കൃഷ്ണ മോഹൻ, ട്രസ്റ്റ് യോഗങ്ങളിലെ പ്രത്യേക ക്ഷണിതാവായിരുന്ന ഗോപാൽ എം. നാഗർകട്ടേ (ഗോപാൽ റാവു), പ്രാദേശിക നിവാസികൾ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരും സാക്ഷിപ്പട്ടികയിലുണ്ട്.

മൂന്ന് മാസമായി ജയിലിൽ കഴിയുന്ന എട്ട് പ്രതികൾക്കെതിരെയും ശക്തമായ തെളിവുകൾ ഉണ്ടെന്ന് കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുണ്ട്.

ഭണ്ഡാരം സൂക്ഷിച്ചിരിക്കുന്ന മുറിയിലെ CCTV കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന. പ്രതികൾ 105 തവണ പണം മോഷ്ടിക്കുന്നത് കണ്ടെത്തിയെന്നാണ് തൽസ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ വെള്ളി കട്ടികളുൾപ്പെടെ 803 വിലപ്പെട്ട സംഭാവന വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ ക്ഷേത്രം ട്രസ്റ്റിന് വീഴ്ചയുണ്ടായിട്ടില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന ഇവ അന്വേഷണ സംഘം നേരിട്ട് പരിശോധിച്ചു. രസീതുകളില്ലാത്ത 83 അമൂല്യ വസ്തുക്കൾ പ്രത്യേകം പരിശോധിക്കുകയും ചെയ്തിരുന്നു.

അയോധ്യയിലെ പ്രാദേശിക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന് ഏകദേശം 74,000 പേജുകളുണ്ട്. തെളിവുകളും അനുബന്ധ രേഖകളും ഇതിനൊപ്പം എസ്‌ഐടി ഹാജരാക്കിയിട്ടുണ്ട്.

ജൂൺ 4-ന് ഡൽഹിയിൽ നിന്ന് അയോധ്യയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് ചമ്പത് റായിക്ക് സംഭാവന തട്ടിപ്പിനെക്കുറിച്ചുള്ള വീഡിയോയും സന്ദേശവും ലഭിക്കുന്നത്. പണം എണ്ണുന്ന മുറിയിലെ ബാത്റൂമിൽ പണക്കെട്ടുകൾ കിടക്കുന്ന ദൃശ്യങ്ങളായിരുന്നു അത്. തുടർന്ന് പണം എണ്ണുന്നതിനിടെ ജീവനക്കാർ പണം കവരുന്നതിന്റെ കൂടുതൽ വീഡിയോ ദൃശ്യങ്ങളും എസ്‌ഐടിയുടെ അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ 8 പേരാണ് നിലവിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിലുള്ളത്. ഇവരിൽ 7 പേരിൽ നിന്നായി 79.8 ലക്ഷം രൂപ പോലീസ് വീണ്ടെടുത്തിരുന്നു. വിശ്വാസവഞ്ചന, ക്രിമിനൽ ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് എട്ട് പ്രതികൾക്കെതിരെയും കേസെടുത്തിരിക്കുന്നത്.

Content Highlights: Special investigation team filed a charge sheet with 133 witnesses in the Ayodhya Ram Temple donation scam., Anukalp Mishra identified as the mastermind behind the theft, with 8 accused currently in jail., CCTV footage revealed accused stole money 105 times from the offering room., Temple trust found not at fault regarding 803 valuable donation items stored in the SBI locker.