അയോധ്യ സംഭാവനക്കൊള്ള: കൊള്ള സ്‌ക്രീനിൽ, ദൃശ്യങ്ങൾ പുറത്ത്; കൈയൊഴിഞ്ഞ് ആർഎസ്എസ് നേതൃത്വം

കേസിലെ പ്രതി അവിനാഷ് ശുക്ലയെ, അന്വേഷണത്തിന്റെ ഭാഗമായി പോലീസ് അയോധ്യയിലേക്ക് കൊണ്ടുവരുന്നു |ഫോട്ടോ:PTI
കേസിലെ പ്രതി അവിനാഷ് ശുക്ലയെ, അന്വേഷണത്തിന്റെ ഭാഗമായി പോലീസ് അയോധ്യയിലേക്ക് കൊണ്ടുവരുന്നു |ഫോട്ടോ:PTI

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ടുപേരിൽ അഞ്ചാളുകൾ എണ്ണുന്നതിനിടയിൽ പണം വസ്ത്രത്തിലും കാലുറകളിലും ഒളിപ്പിക്കുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിൽ കണ്ടെത്തി. ഇതേത്തുടർന്ന്, കാണിക്കപ്പണം എണ്ണുന്നകേന്ദ്രത്തിൽ സുരക്ഷ ശക്തമാക്കിയ ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ്, ജീവനക്കാർക്ക് കീശകളില്ലാത്ത പ്രത്യേക യൂണിഫോം നിർബന്ധമാക്കി.

രാമക്ഷേത്രത്തിന് 200 മീറ്റർ അകലെയുള്ള സംഭാവന എണ്ണൽകേന്ദ്രത്തിലെ (പിൽഗ്രിം ഫെസിലിറ്റേഷൻ സെന്റർ) 45 ദിവസത്തെ സി.സി.ടി.വി. ദൃശ്യങ്ങളാണ് പരിശോധിച്ചത്. ആരും ശ്രദ്ധിക്കാത്ത നേരത്ത് ചിലർ നോട്ടുകെട്ടുകൾ ഉടുതുണിയിൽ ഒളിപ്പിക്കുന്നതാണ് അവയിൽ കണ്ടത്. ഇവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിൽ പോലീസ് പണം പിടിച്ചെടുത്തിരുന്നു.

180 ദിവസത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ സൂക്ഷിക്കണമെന്ന് ചട്ടമുണ്ടായിരിക്കേ 45 ദിവസത്തേതുമാത്രമാണ് ക്ഷേത്രത്തിൽ ലഭ്യമായിട്ടുള്ളത്. അതിനാൽ, എത്ര കാലമായി മോഷണം നടക്കുന്നു എന്നു വ്യക്തമല്ല.

ട്രസ്റ്റിന്റെ അഞ്ചുവർഷത്തെ അക്കൗണ്ടുകൾ എസ്.ഐ.ടി. വീണ്ടും ഓഡിറ്റ് ചെയ്യും. പ്രാഥമിക അന്വേഷണത്തിൽ വലിയ ക്രമക്കേടുകൾ കണ്ട സാഹചര്യത്തിലാണിത്.

ക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട ചെലവുകളും സംഭാവനകളായി ലഭിച്ച സ്വർണവും വെള്ളിയും മറ്റ് അമൂല്യവസ്തുക്കളും ഈ ഓഡിറ്റിന്റെ പരിധിയിൽവരും.

അതിനിടെ, പ്രതികളിൽ ഒരാളായ അവിനാശ് ശുക്ലയെ അയോധ്യയിലെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ഓഫീസിൽ ചോദ്യംചെയ്തു.

കൈയൊഴിഞ്ഞ് ആർഎസ്എസ് നേതൃത്വം

ന്യൂഡൽഹി : സംഭാവനക്കൊള്ളയിൽ ദുഃഖവും രോഷവും പ്രകടിപ്പിച്ച് ആർ.എസ്.എസ്. അയോധ്യയിലെ ശ്രീരാമലല്ല ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടികളിൽനിന്നുള്ള മോഷണം ഹിന്ദുസമൂഹത്തിന്റെയും രാമഭക്തരുടെയും വികാരങ്ങളെയും വിശ്വാസങ്ങളെയും വല്ലാതെ വ്രണപ്പെടുത്തിയെന്ന് ആർ.എസ്.എസ്. ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളെ പറഞ്ഞു. അന്വേഷണത്തിൽ കുറ്റക്കാരെന്നു കണ്ടെത്തുന്നവർക്കെല്ലാം കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ, ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിനെയോ അംഗങ്ങളെയോ ഹൊസബളെ തള്ളിപ്പറഞ്ഞില്ല. അറസ്റ്റിലായവരുടെ സംഘപരിവാർ ബന്ധവും ഹൊസബളെ സൂചിപ്പിച്ചില്ല.

തലമുറകളുടെ പോരാട്ടവും കോടിക്കണക്കിന് രാമഭക്തരുടെ സമർപ്പണവും ത്യാഗവും രക്തസാക്ഷിത്വവുംകൊണ്ട് ശ്രീരാമജന്മഭൂമിയിൽ നിർമിക്കപ്പെട്ട മഹത്തായ ക്ഷേത്രം മുഴുവൻ ഹിന്ദുസമൂഹത്തിന്റെയും ആരാധനയുടെയും വിശ്വാസത്തിന്റെയും ഭക്തിയുടെയും കേന്ദ്രമാണെന്ന് ഹൊസബളെ പറഞ്ഞു.

ഈ ദൗർഭാഗ്യകരമായ സംഭവത്തെ ഉപയോഗപ്പെടുത്തി ഹിന്ദുമതത്തെയും ഹിന്ദുസമൂഹത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന ഹിന്ദുവിരുദ്ധവും രാഷ്ട്രവിരുദ്ധവുമായ ശക്തികളുടെ ഗൂഢാലോചനകളെ പരാജയപ്പെടുത്തണമെന്നും ഹൊസബളെ ആഹ്വാനം ചെയ്തു. കേസിൽ ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്, മുൻ അംഗം അനിൽ മിശ്ര, ഭരണസമിതിയംഗം ഗോപാൽ റാവു എന്നിവർ വരുംദിവസങ്ങളിൽ അറസ്റ്റിലാവുമെന്ന് ബി.ജെ.പി. മുൻ എം.പി.യും ബജ്‌റംഗ് ദൾ സ്ഥാപകനുമായ വിനയ് കട്യാർ പറഞ്ഞു.

Content Highlights: Eight individuals arrested for stealing donation money at the Ayodhya Ram Mandir., CCTV footage revealed staff hiding cash in clothing and socks., Shri Ram Janmabhoomi Teerth Kshetra Trust introduced pocketless uniforms for staff., SIT to conduct a comprehensive 5-year audit of temple accounts., RSS General Secretary Dattatreya Hosabale condemned the theft, demanding strict punishment.