ഇന്ധന വില 95231.49 രൂപയിലെത്തി; വിമാനയാത്രാ നിരക്കുകള്‍ വര്‍ധിച്ചേക്കും

ന്യൂഡല്‍ഹി: എണ്ണക്കമ്പനികള്‍ വ്യോമയാന ഇന്ധന വിലവര്‍ധന പ്രഖ്യാപിച്ചതോടെ വിമാന യാത്രാ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യത. ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന് (എടിഎഫ്) കിലോലിറ്ററിന് 1318 രൂപയാണ് വര്‍ധിച്ചത്. ഒരുമാസം മുമ്പാണ് എടിഎഫിന് 2941 രൂപയുടെ വര്‍ധനവുണ്ടായത്.
പുതിയ നിരക്കനുസരിച്ച് ഡല്‍ഹിയില്‍ എടിഎഫ് ഒരു കിലോലിറ്ററിന് 91856.84 രൂപയാണ് വില. കൊല്‍ക്കത്തയില്‍ 94551.63 രൂപയും മുംബൈയില്‍ 84861.02 രൂപയും ചെന്നൈയില്‍ 95231.49 രൂപയുമാണ് വില. ഇന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.
വിമാനയാത്രാ നിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ പ്രധാന ഘടകമാണ് ഇന്ധന വില. ജീവനക്കാര്‍ക്ക് നല്‍കുന്നതു കഴിഞ്ഞാല്‍ വിമാനത്തിന്റെ നടത്തിപ്പില്‍ കമ്പനികള്‍ക്ക് ഏറ്റവും ചിലവ് വരുന്നതും ഇന്ധനത്തിന് വേണ്ടിയാണ്. ഇന്ധന വിലയിലെ മാറ്റങ്ങള്‍ കമ്പനികളുടെ ലാഭത്തില്‍ വലിയ രീതിയിലുള്ള വ്യതിയാനങ്ങളുണ്ടാക്കും. ഇക്കാരണത്താല്‍, ഇന്ധന വില വര്‍ധന ടിക്കറ്റ് നിരക്ക് വര്‍ധനയിലേക്ക് നയിക്കാനാണ് സാധ്യത.
സര്‍ക്കാര്‍ എണ്ണ കമ്പനികളായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവ ഓരോ മാസവും ഒന്നാം തീയതി വ്യോമയാന ഇന്ധനത്തിന്റേയും പാചക വാതക്കിന്റേയും വില പരിഷ്‌കരിക്കാറുണ്ട്.
സെപ്റ്റംബറില്‍ എടിഎഫിന് കിലോലിറ്ററിന് 4495.5 രൂപയും ഒക്ടോബറില്‍ 4495.5 രൂപയും എണ്ണകമ്പനികള്‍ കുറച്ചിരുന്നു. നവംബറിലാണ് കമ്പനികള്‍ വീണ്ടും നിരക്ക് വര്‍ധിപ്പിച്ചത്. 2941.5 രൂപയാണ് നവംബറിലെ വര്‍ധന. ഇപ്പോഴത് 1318 രൂപ കൂടി വര്‍ധിപ്പിച്ചു.
ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും വേണ്ടിയുള്ള വാണിജ്യ എല്‍പിജിയുടെ നിരക്കും തുടര്‍ച്ചയായി അഞ്ചാം തവണയും വര്‍ധിച്ചു. 19 കിലോ സിലിണ്ടറിന് 16.5 രൂപ വര്‍ധിച്ച് ഡല്‍ഹിയില്‍ 1818.50 രൂപ, മുംബൈയില്‍ 1771 രൂപ, കൊല്‍കത്തയില്‍ 1927 രൂപ, ചെന്നൈയില്‍ 1980 രൂപ എന്നിങ്ങനെയാണ് നിരക്ക്. അഞ്ച് മാസം കൊണ്ട് 172.5 രൂപയാണ് സിലിണ്ടറിന് വര്‍ധിച്ചത്.
ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക നിരക്ക് 14.2 കിലോ സിലിണ്ടറിന് 803 രൂപയായി തുടരുകയാണ്.
Content Highlights: Aviation Turbine Fuel (ATF) prices surged again, leading to expected airfare increases.