ഔറംഗസേബിന്റെ ശവകുടീരം സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട് - ഫഡ്നവിസ്

ദേവേന്ദ്ര ഫട്നാവിസ്
ദേവേന്ദ്ര ഫട്നാവിസ്

താനെ: സംരക്ഷിതസ്ഥലമായി മാറിയിരിക്കുന്ന ഔറംഗസീബിന്റെ ശവകുടീരം സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും എന്നാൽ, അദ്ദേഹത്തിന്റെ പൈതൃകത്തെ മഹത്വപ്പെടുത്താനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. മുഗൾചക്രവർത്തിയുടെ ശവകുടീരംപൊളിക്കാൻ ഹിന്ദുത്വ സംഘടനകൾ ആഹ്വാനംചെയ്യുന്നതിനിടയിലാണ് ഫഡ്നവിസിസ് ഇക്കാര്യം വ്യക്തമാക്കിയത്.ഔറംഗസീബിന്റെ ശവകുടീരം ഒരു പ്രഖ്യാപിത സംരക്ഷിത സ്ഥലമായി സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. അതിന്റെ സംരക്ഷണം ചരിത്രപരമായ ഒരു രേഖയുടെ സംരക്ഷണം മാത്രമാണന്നും മുഖ്യമന്ത്രി പറഞ്ഞു. ഔറംഗസീബിന്റെ ശവകുടീരം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കേണ്ടിവരുന്നത് നിർഭാഗ്യകരമാണ്. എന്നിരുന്നാലും നിയമപരമായി ബാധ്യത പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഛത്രപതി ശിവജി മഹാരാജിന്റെ ക്ഷേത്രം മാത്രമേ ആരാധന അർഹിക്കുന്നുള്ളൂവെന്നും ഔറംഗസേബിന്റെ ശവകുടീരം അത് അർഹിക്കുന്നില്ലെന്നും ഫഡ്‌നവിസ് പറഞ്ഞു. ഖുൽദാബാദിലെ ഔറംഗസേബിന്റെ ശവകുടീരം നീക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദുപരിഷത്ത് (വിഎച്ച്പി) തിങ്കളാഴ്ച വിവിധസർക്കാർ ഓഫീസുകളിൽ മുൻപിൽ പ്രതിഷേധപ്രകടനം നടത്തുകയും നിവേദനങ്ങൾ സമർപ്പിക്കുകയുംചെയ്തു

നിയമസഭയിൽ ഭരണപക്ഷത്തിന്റെ പ്രതിഷേധം

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിനെ മുഗൾ ചക്രവർത്തി ഔറംഗസേബിനോട് താരതമ്യപ്പെടുത്തി മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഹർഷവർധൻ സപ്കൽ നടത്തിയ വിവാദപ്രസ്താവന നിയമസഭയിൽ ബഹളത്തിനിടയാക്കി.സപ്കലിനെതിരേ മാതൃകാപരമായ നടപടിസ്വീകരിക്കണമെന്ന് മഹായുതി നേതാക്കൾ ആവശ്യപ്പെട്ടു.

സപ്കലിനെതിരേ നിയമപ്രകാരം നടപടിയെടുക്കുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാറും ചന്ദ്രശേഖർ ബവൻകുലെയും ഉറപ്പ് നൽകി. മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങൾ സമഗ്രമായി അന്വേഷിക്കുമെന്ന് അജിത്പവാർ പറഞ്ഞു. ‘പാർട്ടിയിലെ മുതിർന്നവരെ പ്രീതിപ്പെടുത്താനും ശ്രദ്ധപിടിച്ചുപറ്റാനും ചിലർ പരാമർശങ്ങൾ നടത്തുന്നു. എന്നാൽ, അവരുടെ വോട്ട് വിഹിതം കുറയുകയും അവരുടെ യഥാർഥനിറം പുറത്തുവരുകയും ചെയ്യുന്നു.

പ്രധാനപ്പെട്ട സ്ഥാനങ്ങളിലുള്ള വ്യക്തികൾക്കെതിരേ ഇത്തരം തെറ്റായ പരാമർശങ്ങൾ നടത്തിയാൽ, അവ പരിശോധിച്ച് നടപടിയെടുക്കും.’ പവാർ പറഞ്ഞു. ‘ഔറംഗസേബ് ഒരു ക്രൂരനായ ഭരണാധികാരിയായിരുന്നു. ഇപ്പോൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും അത്രതന്നെ ക്രൂരനായ ഭരണാധികാരിയായി മാറി. മതവുമായി ബന്ധപ്പെട്ട വിഷയങ്ങളെ അദ്ദേഹം എപ്പോഴും പിന്തുണയ്ക്കുന്നു. പക്ഷേ, സർപഞ്ച് സന്തോഷ് ദേശ്‌മുഖിന്റെ കൊലപാതകം പോലുള്ള കേസുകളിൽ മുഖ്യമന്ത്രി ഒന്നുംചെയ്യുന്നില്ല’ -സപ്കൽ ഞായറാഴ്ച പറഞ്ഞ ഈ പരാമർശമാണ് ഭരണപക്ഷത്തിന്റെ പ്രതിഷേധത്തിനിടയാക്കിയത്.

കോൺഗ്രസ് നേതാവ് ഭായ് ജഗ്താപ് ആരോപണങ്ങൾ നിഷേധിച്ചു. സപ്കൽ ഒരിക്കലും അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് അവകാശപ്പെട്ടു. സംസ്ഥാനം കാര്യക്ഷമമായി ഭരിക്കുന്ന മുഖ്യമന്ത്രിയെ ഔറംഗസേബിനോട് താരതമ്യംചെയ്യുന്നത് അങ്ങേയറ്റം അപലപനീയമാമെന്ന് ബിജെപി അംഗങ്ങൾ പറഞ്ഞു. വ്യക്തിപരമായ ആക്രമണങ്ങളോട് പ്രതിപക്ഷ നേതാവ് അംബാദാസ് ദാൻവെ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും സർക്കാരിന് ‘ഔറംഗസേബിന് സമാനമായ മാനസികാവസ്ഥ’യുണ്ടെന്ന് ആരോപിച്ചു.

Content Highlights: Goverment will Protect Aurangzeb's grave, wont alloq glorification: maharashtra cm devendra fadnavis