ഔറംഗസേബ് ക്രൂരനായിരുന്നില്ലെന്ന് മഹാരാഷ്ട്ര എം.എല്‍.എ.; വിമര്‍ശനവുമായി ബി.ജെ.പിയും ശിവസേനയും

അബു ആസ്മി | Photo: PTI
അബു ആസ്മി | Photo: PTI

മുംബൈ: മുഗള്‍ രാജാവ് ഔറംഗസേബിനെ പ്രശംസിച്ച് വിവാദത്തിലായി മഹാരാഷ്ട്രയിലെ എം.എല്‍.എ. അബു ആസ്മി. സമാജ്‌വാദി പാര്‍ട്ടി പ്രതിനിധിയാണ് ഇദ്ദേഹം. ഛത്രപതി സാംഭാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ബോളിവുഡ് ചിത്രം ഛാവയിൽ തെറ്റായ ചരിത്രമാണ് കാണിച്ചിരിക്കുന്നതെന്ന് അബു ആസ്മി പറഞ്ഞു. ഔറംഗസേബ് നിരവധി ക്ഷേത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്നും ക്രൂരനായ നേതാവ് ആയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഔറംഗസേബിന്റെ കാലത്ത് ഇന്ത്യയുടെ അതിര്‍ത്തികള്‍ അഫ്ഗാനിസ്താനിലേക്കും ബര്‍മയിലേക്കും വ്യാപിച്ചിരുന്നു. അന്ന് നമ്മുടെ മൊത്ത ആഭ്യന്തര ഉത്പാദനം 24 ശതമാനമായിരുന്നു. സ്വര്‍ണപ്പക്ഷി എന്നായിരുന്നു ഇന്ത്യ അറിയപ്പെട്ടിരുന്നത്. ഇവയെല്ലാം തെറ്റാണെന്ന് ഞാന്‍ പറയണോ- ആസ്മി ആരാഞ്ഞു. ഔറംഗസേബും ഛത്രപതി സാംഭാജി മഹാരാജും തമ്മിലുണ്ടായ യുദ്ധം മതപരമായിരുന്നില്ലെന്നും അധികാരത്തിനുവേണ്ടിയുള്ളതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധം മതത്തിനു വേണ്ടിയായിരുന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍, താന്‍ അത് വിശ്വസിക്കില്ലെന്നും എം.എല്‍.എ. പറഞ്ഞു.

അതേസമയം, അബു ആസ്മിയുടെ പരാമര്‍ശങ്ങള്‍ക്കെതിരേ ബി.ജെ.പിയും ശിവസേനയും രംഗത്തെത്തി. ആസ്മിയുടെ പ്രസ്താവന തെറ്റാണെന്നും അപലപനീയമാണെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ പറഞ്ഞു. ഛത്രപതി സാംഭാജി മഹാരാജിനെ നാല്‍പതുദിവസം ഔറംഗസേബ് പീഡിപ്പിച്ചു. അത്തരമൊരാളെ ഉത്തമന്‍ എന്ന് വിശേഷപ്പിക്കുന്നത് കൊടുംപാപമാണ്. അതുകൊണ്ട് ആസ്മി മാപ്പുപറയണം, ഷിന്‍ഡേ ആവശ്യപ്പെട്ടു.

Content Highlights: aurangazeb was not a cruel leader says maharashtra mla