മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക്: 15 ദിവസത്തിനിടെ 4.5 ലക്ഷം വാഹനങ്ങള്‍, ടോള്‍ ലഭിച്ചത് 9 കോടിരൂപ

മുംബൈ ട്രാൻസ് ഹാർബർലിങ്ക് | Photo - PTI
മുംബൈ ട്രാൻസ് ഹാർബർലിങ്ക് | Photo - PTI

നവിമുംബൈ: രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലമായ മുംബൈ ട്രാൻസ് ഹാർബർലിങ്ക് (അടൽ സേതു) തുറന്ന് 15 ദിവസങ്ങൾക്കുള്ളിൽ അതിലൂടെ സഞ്ചരിച്ചത് 4.5 ലക്ഷം വാഹനങ്ങൾ. 9 കോടി രൂപ ടോള്‍ ലഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പ്രിതിദിനം ശരാശരി 30,000 വാഹനങ്ങൾ കടന്നുപോകുമ്പോള്‍ ടോള്‍ ഇനത്തില്‍ 61.5 ലക്ഷം രൂപയാണ് കിട്ടുന്നത്.

ജനുവരി 12 നാണ് ഇന്ത്യയിലെ ഏറ്റവുംവലിയ കടൽപ്പാലമായ സെവ്‌രി -നവസേവ അടൽ സേതു പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചത്. ജനുവരി 13 നാണ് വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയത്. MMRDA (Mumbai Metropolitan Region Development Authority) കണക്കുകൾപ്രകാരം ആദ്യ ദിനം 28,176 വാഹനങ്ങൾ പാലത്തിലൂടെ കടന്നുപോയി. 54.8 ലക്ഷം രൂപയായിരുന്നു ആദ്യ ദിവസത്തെ വരവ്. രണ്ടാം ദിവസം 54,977 വാഹനങ്ങൾ കടത്തിവിടുക വഴി  1.06 കോടി രൂപ ടോളായി പിരിഞ്ഞുകിട്ടി.

മുംബൈയിലെ സവ്‌രിയിൽ നിന്ന് തുടങ്ങി നവിമുംബൈ ചിർലെയിൽ അവസാനിക്കുന്ന കടൽപ്പാലത്തിലൂടെ സഞ്ചരിക്കുന്നതിലൂടെ മുംബൈ നഗരത്തിൽ നിന്ന് നവിമുംബൈയിലെത്താനുള്ള സമയം ഒന്നേമുക്കാൽ മണിക്കൂറിൽനിന്ന് അരമണിക്കൂറിൽ താഴെയായി ചുരുങ്ങും. ആറുവരിപ്പാതയുള്ള പാലത്തിലൂടെ വാഹനങ്ങൾക്ക് മണിക്കൂറിൽ നൂറു കിലോമീറ്റർ വേഗതയിലും റാമ്പുകളിൽ 40 കിലോമീറ്റർ വേഗതയിലും സഞ്ചരിക്കാൻ കഴിയും.  കാറിന് ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 250 രൂപയാണ് ടോളെങ്കിലും ഇന്ധനത്തിൽ 700 രൂപ മുതൽ 800 രൂപവരെ ലഭിക്കാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്. 

ഗതാഗതക്കുരുക്കിൽപ്പെടാതെ കടൽപ്പാലത്തിലൂടെ ദക്ഷിണ, പശ്ചിമ മുംബൈയിൽ നിന്നുള്ളവർക്ക് പൻവേൽ ഭാഗത്തേക്കും മുംബൈ പുണെ അതിവേഗപാതയിലേക്കും മുംബൈ-ഗോവ ഹൈവേയിലേക്കും ആലിബാഗ് പാതയിലേക്കും എത്തിച്ചേരാമെന്നതിനാൽ നഗരത്തിൽനിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നവർക്ക് പാലം ഏറെ പ്രയോജനകരമാണ്. വാഹനങ്ങളുടെ വേഗത കുറയ്ക്കാതെതന്നെ ടോൾ ഈടാക്കാൻ കഴിയുന്ന അത്യാധുനിക സംവിധാനമാണ് പാലത്തിൽ സജ്ജീകരിച്ചത്. കടൽപ്പാലം തുറന്നതോടെ നിലവിൽ മുംബൈ നഗരത്തെ നവിമുംബൈയുമായി ബന്ധിപ്പിക്കുന്ന സയൺ പൻവേൽ ഹൈവേയിലെ വാഷിപ്പാലത്തിലേയും ഐരോളി-ഭാണ്ഡൂപ്പ് പാലത്തിലേയും ഗതാഗതത്തിരക്ക് ഗണ്യമായികുറയും. ജെ.എൻ.പി.ടി. തുറമുഖത്തേക്കും നവിമുംബൈ വിമാനത്താവളത്തിലേക്കും പാലംവഴി എളുപ്പം എത്തിച്ചേരാൻ കഴിയും.


 

Content Highlights: Atal Setu 4.5 lakh vehicles passed in 15 days revenue of Rs.9 crore