ലഖിംപുര്‍ കര്‍ഷകകൂട്ടക്കൊല: മന്ത്രിപുത്രന്‍ ആശിഷ് മിശ്ര ഹാജരായി; എത്തിയത് പോലീസ് അകമ്പടിയോടെ

ലഖ്നൗ: ലഖിംപുറില്‍ കര്‍ഷകരെ വാഹനം ഇടിച്ചുകയറ്റികൊന്ന കേസില്‍ ആരോപണ വിധേയനും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര ഉത്തര്‍ പ്രദേശ് പോലീസിനു മുന്നില്‍ ഹാജരായി. ക്രൈം ബ്രാഞ്ച് ഓഫീസിന്റെ പിന്‍വാതിലിലൂടെ പോലീസ് അകമ്പടിയോടെയാണ് ആശിഷ് എത്തിയത്.
ലഖിംപുറിലെ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ആശിഷ് ചോദ്യം ചെയ്യലിന് ഹാജരായത്. ലഖിംപുര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൊലപാതകം, കലാപമുണ്ടാക്കല്‍ തുടങ്ങി എട്ടു വകുപ്പുകള്‍ ചുമത്തിയാണ് ആശിഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ശനിയാഴ്ച രാവിലെ 10.40-ഓടെയാണ് ആശിഷ് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച പുതിയ സമന്‍സ് പോലീസ് ആശിഷിന് നല്‍കിയിരുന്നു.
ഒക്ടോബര്‍ മൂന്നിനാണ് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ ലഖിംപുര്‍ സംഘര്‍ഷം നടന്നത്. മന്ത്രി അജയ് മിശ്രയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കു നേരെ ആശിഷ് മിശ്ര സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. ഇതില്‍ നാല് കർഷകർ കൊല്ലപ്പെട്ടു. തുടർന്നുണ്ടായ സംഘർഷത്തില്‍ മറ്റു നാലുപേരും മരിച്ചു. അതേസമയം, സംഭവസ്ഥലത്ത് താനോ ആശിഷോ ഉണ്ടായിരുന്നില്ലെന്നാണ് അജയ് മിശ്രയുടെ വാദം.
content highlights: ashish mishra appears before crime branch
Content Highlights: