ആശമാരുടെ ഇന്‍സെന്റീവ് വര്‍ധന ശുപാര്‍ശ ധനമന്ത്രാലയത്തിന് മുന്നില്‍; തൊഴിലാളികളായി അംഗീകരിച്ചേക്കില്ല

ന്യൂഡല്‍ഹി: രാജ്യത്തെ ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നതിനുള്ള ശുപാര്‍ശ കേന്ദ്രആരോഗ്യമന്ത്രാലയം തയ്യാറാക്കി. ശുപാര്‍ശ അനുമതിക്കായി കേന്ദ്രധനകാര്യമന്ത്രാലയത്തിന് കൈമാറി. ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ മന്ത്രിസഭായോഗത്തിന്റെ അനുമതിയില്ലാതെ തന്നെ വര്‍ധനവ് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ദേശീയ ആരോഗ്യമിഷന് കീഴിലുള്ള നയരൂപവത്കരണസമിതിയാണ് ഇന്‍സെന്റീവ് വര്‍ധന സംബന്ധിച്ച ശുപാര്‍ശ തയ്യാറാക്കിയത്. ശുപാര്‍ശ കേന്ദ്രആരോഗ്യസെക്രട്ടറി പുണ്യ സലില ശ്രീവാസ്തവയാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് വിട്ടത്. കേന്ദ്രപദ്ധതിയില്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുന്ന വിഷയമായതിനാല്‍ ധനമന്ത്രാലയം എല്ലാ ഘടകങ്ങളും പരിശോധിച്ച ശേഷമേ അനുമതി നല്‍കുകയുള്ളൂ. ഇതിന് എത്ര കാലതാമസം ഉണ്ടാകുമെന്ന് വ്യക്തമല്ല.
തൊഴിലാളികളായി അംഗീകരിച്ചേക്കില്ല
ആശാവര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചേക്കില്ല. കേന്ദ്രആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആവശ്യം ഉന്നയിച്ചിരുന്നു. എന്നാലിത് അംഗീകരിക്കാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ആശാവര്‍ക്കര്‍മാര്‍ക്ക് പ്രത്യേക ട്രെയിനിങ് നല്‍കാനുള്ള പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കും. നിലവില്‍ സ്വകാര്യസ്ഥാപനങ്ങളില്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ഉള്‍പ്പടെയാകും ട്രെയിനിങ് നല്‍കുക.
പോസിറ്റീവ് ചര്‍ച്ചയെന്ന് വീണാ ജോര്‍ജ്
ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍, കേന്ദ്രആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച വളരെ പോസിറ്റീവായിരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തിന് നല്‍കാനുള്ള കുടിശ്ശികയുമായി ബന്ധപ്പെട്ട കാര്യം പരിശോധിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായും വീണാ ജോര്‍ജ് ഡല്‍ഹിയില്‍ പറഞ്ഞു.
Content Highlights: Proposal for increasing incentives for ASHA workers awaits finance ministry approval