ആര്‍എസ്എസിന്റെ ഒരംഗം പോലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്തിട്ടില്ല; മോദിയുടെ വാദം തള്ളി ഒവൈസി

ഹൈദരാബാദ്: ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസ് വഹിച്ച പങ്കിനെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദംതള്ളി എഐഎംഐഎം പ്രസിഡന്റും ലോക്‌സഭാ എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ആര്‍എസ്എസിന്റെ ഒരംഗം പോലും ജീവത്യാഗം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിലെ ഷെയ്ക്‌പെട്ടില്‍ വികസനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഒവൈസി.
സ്വാതന്ത്ര്യത്തിനുള്ള പോരാട്ടത്തില്‍ ആര്‍എസ്എസ് പങ്കെടുത്തുവെന്നാണ് പ്രധാനമന്ത്രിയുടെ അവകാശവാദം. ഈ കഥ എവിടെനിന്ന് വന്നെന്ന് ഞാന്‍ ആശ്ചര്യപ്പെടുകയും ആശങ്കപ്പെടുകയും ചെയ്തു. രാജ്യത്തിനുവേണ്ടി പോരാടി ആര്‍എസ്എസിന്റെ ഒരംഗത്തിനും ജീവന്‍ നഷ്ടമായിട്ടില്ലെന്നാണ് ചരിത്രം പറയുന്നത്. ആര്‍ക്കെങ്കിലും ഒരാളുടെ പേര് പറയാനാകുമെങ്കില്‍ കേള്‍ക്കാന്‍ ഞാന്‍ തയ്യാറാണ്, ഒവൈസി പറഞ്ഞു.
ആര്‍എസ്എസ് സ്ഥാപകനായ കെ.ബി. ഹെഡ്‌ഗേവാര്‍, സംഘടന സ്ഥാപിക്കുന്നതിന് മുന്‍പാണ് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് സ്ഥാപിക്കുന്നതിന് മുന്‍പാണ് ഹെഡ്‌ഗേവാര്‍ ബ്രിട്ടീഷുകാരെ എതിര്‍ത്തതും ഖിലാഫത്ത് പ്രസ്ഥാനത്തെ അനുകൂലിച്ചതും ഒരുകൊല്ലം ജയില്‍ശിക്ഷ അനുഭവിച്ചതും. ആര്‍എസ്എസ് രൂപവത്കരണത്തിന് മുന്‍പായിരുന്നു സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തമുണ്ടായിരുന്നത്, ഒവൈസി വിശദീകരിച്ചു.
ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരിക്കലും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തില്ലെന്നും യാതൊരു ഭീഷണിയും സൃഷ്ടിച്ചില്ലെന്നും ബ്രിട്ടീഷ് രേഖകളില്‍ വ്യക്തമായി പറയുന്നുണ്ടെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.
‘രാജ്യം ആദ്യം’ എന്ന വിശ്വാസത്തെ മുറുകെപ്പിടിച്ചതിന് ബ്രിട്ടീഷുകാരില്‍നിന്നും നിസാമുമാരില്‍നിന്നും ആര്‍എസ്എസിന് കടുത്തയാതനകള്‍ നേരിടേണ്ടി വന്നിരുന്നെന്ന് ബുധനാഴ്ച പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. കെ.ബി. ഹെഡ്‌ഗേവാര്‍ ഉള്‍പ്പെടെയുള്ള ആര്‍എസ്എസ് അംഗങ്ങള്‍ സ്വാതന്ത്ര്യസമരകാലത്ത് ജയില്‍വാസം അനുഭവിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി നൂറുരൂപാ നാണയവും സ്മാരക തപാല്‍ സ്റ്റാമ്പും പുറത്തിറക്കുന്ന വേളയിലായിരുന്നു മോദി ഇപ്രകാരം പറഞ്ഞത്.
Content Highlights: asaduddin owaisi refutes modi claim of rss participation in indian freedom struggle