‘രാമന്റെ പേരിൽ അധികാരത്തിലേറി, അവരെ രാമൻതന്നെ പുറത്താക്കും’; ബിജെപിക്കെതിരെ കെജ്‌രിവാൾ

#ന്യൂസ് ഡെസ്ക്
അരവിന്ദ് കെജ്‌രിവാൾ | Photo: ANI
അരവിന്ദ് കെജ്‌രിവാൾ | Photo: ANI

ലഖ്നൗ: ബിജെപി അധികാരത്തിൽ വന്നത് ഭഗവാൻ രാമന്റെ പേര് ഉപയോഗിച്ചാണെന്നും എന്നാൽ, ഭഗവാൻതന്നെ അവരെ അധികാരത്തിൽനിന്ന് പുറത്താക്കുമെന്നും മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ സംഭാവനകളിൽ വൻതോതിലുള്ള ക്രമക്കേടും മോഷണവും നടന്നെന്ന ആരോപണങ്ങൾക്ക് പിന്നാലെ അയോധ്യ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭക്തർ ഭഗവാന് സമർപ്പിച്ച വിലപിടിപ്പുള്ള വജ്രങ്ങളും രത്നങ്ങളും സ്വർണ്ണ പാദുകങ്ങളും മാലകളും വരെ മോഷ്ടിക്കപ്പെട്ടതായി കെജ്‌രിവാൾ ആരോപിച്ചു. ഏകദേശം 200 കോടി രൂപ പണമായും 200 കിലോഗ്രാം വെള്ളിയും ക്ഷേത്രത്തിൽനിന്ന് കാണാതായിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ വിവാദങ്ങളെത്തുടർന്ന് ക്ഷേത്രത്തിൽ ദിവസേന ലഭിച്ചിരുന്ന സംഭാവന 12-14 ലക്ഷം രൂപയിൽനിന്ന് ഒരു ലക്ഷത്തിന് താഴെയായി കുറഞ്ഞെന്നും, ഇത് ജനങ്ങൾക്ക് ക്ഷേത്ര ഭരണത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സംഭാവനാ കള്ളൻമാർ’ എന്നാണ് ആരോപണവിധേയരെ അദ്ദേഹം വിശേഷിപ്പിച്ചത്. പ്രതികൾക്കെതിരെ കടുത്ത നടപടി വേണമെന്ന് കെജ്‌രിവാൾ ആവശ്യപ്പെട്ടു. നിയമം അതിന്റെ വഴിക്ക് പോകുമെങ്കിലും ഇത്തരം പാപികളെയും അവരെ പിന്തുണയ്ക്കുന്നവരെയും സമൂഹം ബഹിഷ്കരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അല്ലാത്തപക്ഷം ആ പാപത്തിൽ ജനങ്ങളും പങ്കാളികളാകും. ഭഗവാൻ രാമൻതന്നെ ഇവർക്ക് ശിക്ഷ നൽകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നിലവിൽ നടക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം വെറും കൺകെട്ട് വിദ്യയാണെന്നും കെജ്‌രിവാൾ പരിഹസിച്ചു. കേസുമായി ബന്ധപ്പെട്ട് എട്ട് ജൂനിയർ ജീവനക്കാരെ അറസ്റ്റ് ചെയ്തത് വെറും പുകമറയാണ്. യഥാർത്ഥത്തിൽ മുതിർന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. താഴെത്തട്ടിലുള്ളവരെ ബലിയാടാക്കി ഉന്നതരെ രക്ഷിക്കാനുള്ള ഈ അന്വേഷണത്തിന് നിയമപരമായ സാധുതയില്ലെന്നും അദ്ദേഹം കൂട്ടച്ചേർത്തു.

ചമ്പത് റായിയുടെ പക്കൽ എന്ത് രഹസ്യമാണുള്ളതെന്നും അതുകൊണ്ടാണോ പ്രധാനമന്ത്രി പോലും അദ്ദേഹത്തിന് മുന്നിൽ നിസ്സഹായനാകുന്നതെന്നും കെജ്‌രിവാൾ ചോദിച്ചു. ചമ്പത് റായിയെയും ട്രസ്റ്റിനെയും സംരക്ഷിക്കുന്നതിലൂടെ കോടിക്കണക്കിന് വരുന്ന ഹിന്ദുക്കളെയാണ് അധികൃതർ വഞ്ചിക്കുന്നതെന്ന് കെജ്‌രിവാൾ ചൂണ്ടിക്കാട്ടി.

Content Highlights: Arvind Kejriwal alleges massive theft of Ram Mandir donations, calls for social boycott of the accused. R