2,700 കോടിയുടെ വീട്, 8,400 കോടിയുടെ വിമാനം,10ലക്ഷത്തിന്റെ കോട്ട്; മോദിക്ക് മറുപടിയുമായി കെജ്‌രിവാള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. 2,700 കോടിരൂപയ്ക്ക് വീട് പണിത, 8,400 കോടി വിലയുടെ വിമാനത്തില്‍ പറക്കുന്ന 10 ലക്ഷത്തിന്റെ കോട്ട് ധരിക്കുന്ന ഒരാളില്‍ നിന്ന് ശീഷ്മഹല്‍ പരാമര്‍ശം വരുന്നത് ശരിയല്ല. ബിജെപിയുടെ പാര്‍പ്പിട വാഗ്ദാനം പകുതിയിലധികവും നടന്നിട്ടില്ലെന്നും കെജ്‌രിവാള്‍ ആരോപിച്ചു.
ദുരന്തം ഡല്‍ഹിയിലല്ല ബി.ജെ.പി.യിലാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. ആദ്യത്തെ ദുരന്തമെന്തെന്നാല്‍ ബി.ജെ.പിക്ക് ഡല്‍ഹിയില്‍ അവതരിപ്പിക്കാന്‍ ഒരു മുഖ്യമന്ത്രിയുടെ മുഖമില്ല. രണ്ടാമത് ബിജെപിക്ക് പറയാന്‍ പ്രത്യേകിച്ച് കാരണങ്ങളില്ല. മൂന്നാമത് ഡല്‍ഹി തിരഞ്ഞെടുപ്പിനായി യാതൊരു അജണ്ടയും ഇല്ല- കെജ്‌രിവാള്‍ പറഞ്ഞു.
2022-ഓടെ എല്ലാവർക്കും വീട് നൽകുമെന്ന് 2020-ലെ പ്രകടന പത്രികയിൽ ബി.ജെ.പി പറഞ്ഞിരുന്നെങ്കിലും 2025 എത്തിയപ്പോഴും അത് പ്രാവർത്തികമാക്കാനായില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു. 2025-ൽ 1700 വീടുകളുടെ താക്കോലും അതിന് മുമ്പ് 3000 വീടുകളുടെ താക്കോലുകളുമാണ് നൽകിയത്. അതായത് അഞ്ചുവർഷത്തിനിടെ പ്രാവർത്തികമാക്കാനായത് 4,700 വീടുകളാണ്. വാഗ്ദാനവും അത് നിറവേറ്റലും തമ്മിലുള്ള വിടവാണ് ഇവിടെ പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ ഭവന പ്രതിസന്ധിയേക്കുറിച്ചും കെജ്‌രിവാള്‍ പറഞ്ഞു. ഡൽഹിയിൽ നാലുലക്ഷം ചേരികളാണുള്ളത്. പതിനഞ്ചുലക്ഷം പേർക്ക് വീടുകളാവശ്യമാണ്. ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പത്രിക അഞ്ചുവർഷത്തിനുള്ളിൽ നടപ്പാക്കാനുദ്ദേശിച്ചല്ല മറിച്ച് ഇരുനൂറുവർഷത്തിലേക്കുള്ളതാണെന്ന് തോന്നുന്നുവെന്നും കെജ്‌രിവാള്‍ പരിഹസിച്ചു.
ഡൽഹിയിൽ ചേരി നിവാസികൾക്കുള്ള ഭവന പദ്ധതി ഉദ്ഘാടനം ചെയ്യവേയാണ് നരേന്ദ്രമോദി കെജ്‌രിവാളിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. അണ്ണാഹസാരെയെ മുഖമാക്കിയാണ് ആം ആദ്മി അധികാരത്തില്‍ വന്നതെന്നും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഈ പാര്‍ട്ടി വലിയ ദുരന്തമായെന്നും മോദി കുറ്റപ്പെടുത്തി. ഇവരുടെ പിടിയില്‍ നിന്ന് സ്വതന്ത്രരാവാന്‍ വോട്ടര്‍മാരോട് ആഹ്വാനം ചെയ്തു.
അവര്‍ മോഷ്ടിക്കുകയും പിന്നീട് പ്രതിരോധിക്കുകയും ചെയ്യും. നിരവധി പാര്‍പ്പിട സമുച്ചയങ്ങള്‍ താന്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഇവിടുത്തെ സര്‍ക്കാര്‍ അഴിമതി കേസുകളിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. മോദി ഒരിക്കലും സ്വന്തമായൊരു വീട് വെച്ചിട്ടില്ലെന്ന് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അറിയാം. എന്നാല്‍ ഈ 10 വര്‍ഷ കാലവധിക്കുള്ളില്‍ നാലുകോടി പൗരര്‍ക്ക് വീട് നല്‍കി. എനിക്കും മണിമാളിക പണിയാം. പക്ഷേ എന്റെ പൗരര്‍ക്ക് വീട് നല്‍കുക എന്നതാണ് എന്റെ സ്വപ്നം.- മോദി പറഞ്ഞു.
കെജ്‌രിവാള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി പണിയാന്‍ കോടികളാണ് ചെലവഴിച്ചതെന്നും മോദി ആരോപിച്ചു. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് 30,000ത്തിലധികം വീടുകള്‍ പിഎം ആവാസ് യോജനയുടെ കീഴില്‍ പണിതുനല്‍കി. ആംആദ്മി ഡല്‍ഹിയിലെ വിദ്യാഭ്യാസരംഗത്തെ മോശമാക്കിയെന്നും മോദി പറഞ്ഞു.
ആയുഷ്മാന്‍ യോജനയിലൂടെ ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയിലെ ആളുകളാണ് ഡല്‍ഹിയുടെ വില്ലന്‍മാര്‍.അവര്‍ ഇതിനൊന്നും സമ്മതിക്കുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി.
Content Highlights: Arvind Kejriwal hits back at PM