'പ്രധാനമന്ത്രിയുടെ ഏകാധിപത്യം നടപ്പാകില്ല, ഗ്യാനേഷ് കുമാർ വോട്ട് കള്ളൻ'; അരവിന്ദ് കെജ്‌രിവാളും AAP നേതാക്കളും കസ്റ്റഡിയിൽ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ മുൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. കെജ്‌രിവാളിനൊപ്പം പാർട്ടി നേതാക്കളായ സഞ്ജയ് സിങ്, സൗരഭ് ഭരദ്വാജ്, ദുർഗേഷ് പഥക് തുടങ്ങിയവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
രാജ്യത്തെ യുവാക്കൾ ഉണർന്നുകഴിഞ്ഞെന്നും പ്രധാനമന്ത്രി മോദിയുടെ ഏകാധിപത്യം രാജ്യത്ത് നടപ്പിലാകില്ലെന്നും അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചു. കൂടാതെ, 'വോട്ട് കള്ളൻ' ഗ്യാനേഷ് കുമാർ പദവി ഒഴിയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യ തലസ്ഥാനത്ത് പ്രതിഷേധം ആളിക്കത്തുകയാണ്. ഡൽഹിയിൽ സുരക്ഷ ശക്തമാക്കുകയും ആയിരക്കണക്കിന് ആളുകളെ കരുതൽ തടങ്കലിലാക്കുകയും ചെയ്തിട്ടുണ്ട്. ഗതാഗത നിയന്ത്രണങ്ങളും കർശന നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തിയതോടെ നഗരത്തിൽ വലിയതോതിലുള്ള സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.