'ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയുള്ള അറസ്റ്റ് മുൻപില്ലാത്തനടപടി'; ജാമ്യംതേടി കെജ്‌രിവാൾ സുപ്രീംകോടതിയിൽ

അരവിന്ദ് കെജ് രിവാള്‍, സുപ്രീംകോടതി |ഫോട്ടോ:PTI,ANI
അരവിന്ദ് കെജ് രിവാള്‍, സുപ്രീംകോടതി |ഫോട്ടോ:PTI,ANI

ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടിയും അറസ്റ്റ് ചോദ്യംചെയ്തും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കേസിൽ കെജ്‌രിവാളിന് സുപ്രീം കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും സിബിഐ കേസിൽ അദ്ദേഹം ജയിലിൽ തുടരുകയാണ്. 

ഇ.ഡി കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ അറസ്റ്റ് ചെയ്ത സിബിഐ നടപടി മുൻപില്ലാത്തതാണെന്ന് കെജ്‌രിവാളിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്വി പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഡൽഹി മുഖ്യമന്ത്രിക്ക് രണ്ടുതവണ ഇളവ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇൻഷുറൻസ് അറസ്റ്റ് എന്ന നിലയിലാണ് സിബിഐ അറസ്റ്റ് ചെയ്തതെന്നും സിങ്വി പറഞ്ഞു.

കേസിൽ കെജ്‌രിവാൾ രാജ്യം വിടാനുള്ള സാധ്യതയുണ്ടോ, തെളിവുകൾ നശിപ്പിക്കുമോ, സാക്ഷികളെ സ്വാധീനിക്കുമോ എന്നീ മൂന്ന് ചോദ്യങ്ങൾ കോടതി പരി​ഗണിക്കണമെന്ന് സിങ്വി ആവശ്യപ്പെട്ടു. അരവിന്ദ് കെജ്‌രിവാൾ നാട് വിടില്ലെന്നുെം ലക്ഷക്കണക്കിന് രേഖകളുണ്ടെന്നും അഞ്ച് കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും കൃത്രിമം നടത്താൻ സാധിക്കില്ലെന്നും കക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയില്ലെന്നും സിങ്വി കോടതിയെ അറിയിച്ചു. ആയതിനാൽ ജാമ്യം നിഷേധിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights: Arvind Kejriwal Argues For Bail In Supreme Court