അരുണാചലിൽ വൈദ്യുത പദ്ധതിക്കെതിരെ പ്രതിഷേധം അക്രമാസക്തമായി, എംഎൽഎ മാരുടെ വീടുകൾ തകർത്ത് കൊള്ളയടിച്ചു

#ന്യൂസ് ഡെസ്‌ക്
പസിഘാട്ടില്‍ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍
പസിഘാട്ടില്‍ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ നിർദ്ദിഷ്ട 11,200 മെഗാവാട്ട് സിയാങ് അപ്പർ മൾട്ടിപർപ്പസ് വൈദ്യുത പദ്ധതിക്കെതിരെ നടന്ന പ്രക്ഷോഭം കടുത്ത അക്രമത്തിലേക്ക് വഴിമാറി. ഈസ്റ്റ് സിയാങ് ജില്ലയിലെ പസിഘാട്ടിൽ വെള്ളിയാഴ്ച രാത്രി ആരംഭിച്ച അക്രമസംഭവങ്ങളിൽ എൻ.എച്ച്.പി.സി ഓഫീസിനും പോലീസ് സ്റ്റേഷനും പ്രതിഷേധക്കാർ തീയിടുകയും രണ്ട് എം.എൽ.എമാരുടെയും സംസ്ഥാന ബി.ജെ.പി അധ്യക്ഷന്റെയും വീടുകൾ തകർത്ത് കൊള്ളയടിക്കുകയും ചെയ്തു.

മണിക്കൂറുകളോളം നീണ്ടുനിന്ന കല്ലേറിൽ നാൽപ്പതിലധികം പോലീസുകാർക്ക് പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഒരു ഡിഎസ്പിയെ ദിബ്രൂഗഢിലെ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് പ്രയോഗിച്ച കണ്ണീർവാതക ഷെൽ കാലിൽ തട്ടി ഒരു പ്രതിഷേധക്കാരനും പരിക്കേറ്റിട്ടുണ്ട്.

അക്രമികൾ 9 പോലീസ് വാഹനങ്ങൾ തകർത്തു. കൂടാതെ, പരിക്കേറ്റ കേന്ദ്ര സുരക്ഷാ സേനാംഗങ്ങളെ പ്രവേശിപ്പിച്ച ആശുപത്രിക്ക് നേരെയും പ്രക്ഷോഭകാരികൾ കല്ലെറിഞ്ഞു. ഗോത്രവിഭാഗ അവകാശ സംഘടനയായ 'അദി ബാനെ കെബാംഗ് യുണൈറ്റഡ്' ഉൾപ്പെടെയുള്ള സംഘടനകൾ ആഹ്വാനം ചെയ്ത 12 മണിക്കൂർ ബന്ദ് സമാധാനപരമായി അവസാനിച്ചതിന് പിന്നാലെയാണ് 'ജെൻ സി' എന്ന് സ്വയം വിശേഷിപ്പിക്കുന്ന യുവാക്കളുടെ സംഘം പസിഘാട്ട്-ബോലെങ് ദേശീയപാത ഉപരോധിച്ചത്. തുടർന്ന് ലഹരി ഉപയോഗിച്ചെത്തിയ 200 മുതൽ 300 വരെ വരുന്ന അക്രമിസംഘം പോലീസിനും മജിസ്‌ട്രേറ്റിനും നേരെ കല്ലെറിയുകയായിരുന്നുവെന്ന് പസിഘാട്ട് ഐ.ജി.പി ഹിബു തമാങ് അറിയിച്ചു.

അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ പസിഘാട്ട്, മേബോ, റുക്‌സിൻ മേഖലകളിൽ പൊതുയോഗങ്ങൾക്കും പ്രകടനങ്ങൾക്കും ഡെപ്യൂട്ടി കമ്മീഷണർ ജയന്തി പെർട്ടിൻ നിരോധനാജ്ഞയും നിയന്ത്രണങ്ങളും ഏർപ്പെടുത്തി. സംഭവത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തിയ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു, വിഷയത്തിൽ പരിഹാരം കാണുന്നതിനായി ബന്ധപ്പെട്ട സംഘടനകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

Content Highlights: Violent protest erupts in Arunachal Pradesh against the Siang Upper Multipurpose Project, leading to injuries and property damage in Pasighat.