വൃത്തിയുള്ള ജയില്‍മുറി, വിനോദത്തിന് ടിവി; മെഹുല്‍ ചോക്‌സിയെ പാര്‍പ്പിക്കുക ആർതർ റോഡ് അതിസുരക്ഷാ ജയിലില്‍

മുംബൈ: വിവാദവ്യവസായി മെഹുൽ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറുന്നതോടെ പാർപ്പിക്കാനിരിക്കുന്ന മുംബൈ ആർതർ റോഡ് ജയിലിലെ ബാരക്ക് നമ്പർ 12-ന്റെ ഔദ്യോഗിക ചിത്രങ്ങൾ ഇന്ത്യ ബെൽജിയൻ അധികൃതര്‍ക്ക് സമർപ്പിച്ചു. ഇന്ത്യൻ ജയിലുകൾ തിങ്ങിനിറഞ്ഞതും സുരക്ഷിതമല്ലാത്തതുമാണെന്ന ചോക്സിയുടെ വാദങ്ങളെ പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണത്തിന്റെ ഭാഗമായാണ് ഈ ചിത്രങ്ങൾ അയച്ചത്.
രേഖകൾ പ്രകാരം, 26/11 ഭീകരൻ അജ്മൽ കസബിനെ പാർപ്പിച്ചിരുന്ന സെൽ സ്ഥിതി ചെയ്യുന്ന, മുംബൈയിലെ അതീവ സുരക്ഷാ ജയിലായ ആർതർ റോഡ് ജയിലിലെ ബാരക്ക് നമ്പർ 12-ലാണ് ചോക്സിയെ പാർപ്പിക്കുക. ചോക്സിയുടെ അവകാശങ്ങളും ആരോഗ്യവും സംരക്ഷിക്കപ്പെടുമെന്ന് സർക്കാർ സമർപ്പിച്ച രേഖകളിൽ ഉറപ്പുനൽകി. ആർതർ റോഡ് ജയിൽ, തടവിലാക്കുന്നതിനുള്ള അന്താരാഷ്ട്ര നിലവാരം പുലർത്തുന്നുണ്ടെന്നും ആവശ്യമായ വൈദ്യസഹായം നൽകുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.
ടോയ്‌ലറ്റുകളും അടിസ്ഥാന സൗകര്യങ്ങളുമുള്ള രണ്ട് സെല്ലുകളോടു കൂടിയ 46 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ബാരക്ക് ആണ് ചിത്രങ്ങളിലുള്ളത്. ഈ ബാരക്കിൽ ശൗചാലയ സൗകര്യങ്ങളോടു കൂടിയ രണ്ട് മുറികളുണ്ട്. ഇതിന് പുറമെ വിനോദത്തിനും വാർത്തകൾ അറിയാനും ടെലിവിഷനും അനുവദിക്കും. വൈദ്യപരിശോധനയ്‌ക്കോ കോടതിയിൽ ഹാജരാക്കുന്നതിനോ അല്ലാതെ മറ്റ് സമയങ്ങളിൽ ചോക്സി സെല്ലിനുള്ളിൽ തന്നെയായിരിക്കും. അദ്ദേഹത്തിന്റെ കസ്റ്റഡി അന്വേഷണ ഏജൻസിയുടെ കീഴിലായിരിക്കില്ല, മറിച്ച് ജുഡീഷ്യൽ മേൽനോട്ടത്തിലായിരിക്കും.
ഇന്ത്യയിലെ ജയിലുകൾ മോശം അവസ്ഥയിലാണെന്നും ജുഡീഷ്യറിക്ക് സ്വാതന്ത്ര്യമില്ലെന്നും ചോക്സിയുടെ അഭിഭാഷകർ ബെൽജിയൻ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ, അഭിഭാഷകൻ റിപ്പോർട്ടുകൾ സിഖ് ആക്ടിവിസം, തിഹാർ ജയിൽ തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ടതാണെന്നും അവ ഇന്ത്യയിൽ ചോക്സിക്ക് എന്തെങ്കിലും തരത്തിലുള്ള വ്യക്തിപരമായ അനീതിയുടെയോ മോശം പെരുമാറ്റത്തിന്റെയോ അപകടസാധ്യതയുണ്ടെന്ന് തെളിയിക്കുന്നില്ല എന്ന് നിരീക്ഷിച്ച് കോടതി ഈ വാദങ്ങൾ തള്ളുകയും ചെയ്തു.
വലിയ തട്ടിപ്പ് കേസുകൾക്ക് മാധ്യമശ്രദ്ധ ലഭിക്കുന്നത് സ്വാഭാവികമാണെന്നും അത് പക്ഷപാതത്തെയോ നീതിയുക്തമായ വിചാരണയ്ക്കുള്ള അവകാശങ്ങളുടെ ലംഘനത്തെയോ സൂചിപ്പിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേർത്തു. ഇന്ത്യയിൽ പീഡനമോ അന്യായമായ വിചാരണയോ വൈദ്യസഹായം നിഷേധിക്കലോ നേരിടേണ്ടി വരുമെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ഹാജരാക്കുന്നതിൽ ചോക്സി പരാജയപ്പെട്ടുവെന്നും കോടതി കൂട്ടിച്ചേർത്തു.
രാഷ്ട്രീയ പീഡനവും മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ച അദ്ദേഹത്തിന്റെ വാദങ്ങൾ തള്ളിക്കൊണ്ട്, ചോക്സിയെ കൈമാറുന്നതിനുള്ള നടപടികൾക്ക് മുന്നോട്ട് പോകാൻ ബെൽജിയൻ കോടതിയുടെ ഉത്തരവ് വഴിയൊരുക്കിയിരിക്കുകയാണ്.
Content Highlights: India provides official images of Arthur Road Jail`s Barrack 12 to Belgian authorities to counter Mehul Choksi`s claims about Indian prison conditions and safety.