പ്രതിഷേധത്തിന് വഴങ്ങി കേന്ദ്രം; ആരവല്ലി മലനിരകളിൽ പുതിയ ഖനന ലൈസൻസ് അനുവദിക്കുന്നതിന് സമ്പൂർണ നിരോധനം

ന്യൂഡൽഹി: ആരവല്ലി മലനിരകളിൽ പുതിയ ഖനന ലൈസൻസ് അനുവദിക്കുന്നതിന് സമ്പൂർണ നിരോധനംപ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ആരവല്ലി കടന്നുപോകുന്ന നാല് സംസ്ഥാനങ്ങൾക്കും ഇതുസംബന്ധിച്ച് കേന്ദ്രം നിർദേശം നൽകി. ആരവല്ലിയിലെ സംരക്ഷിതമേഖല വിപുലീകരിക്കാനും തീരുമാനിച്ചു. ആരവല്ലി കുന്നുകൾക്കും മലനിരകൾക്കും പ്രഖ്യാപിച്ച പുതിയ നിർവചനം, ആരവല്ലി മേഖലയുടെ പാരിസ്ഥിതികനാശത്തിന് വഴിെവക്കുമെന്ന ആശങ്ക കനക്കുകയും രാജസ്ഥാനിലും ഹരിയാണയിലുമടക്കം വൻ പ്രക്ഷോഭങ്ങൾ അരങ്ങേറുകയും ചെയ്തതോടെയാണ് പുതിയ പ്രഖ്യാപനവുമായി കേന്ദ്രം രംഗത്തെത്തിയത്.
ആരവല്ലി മേഖലയിൽ നിലവിലുള്ള ഖനനനിരോധിത മേഖലയ്ക്കുപുറമേ പുതുതായി ഖനനവിലക്ക് ഏർപ്പെടുത്തേണ്ടതുണ്ടെങ്കിൽ അറിയിക്കാൻ ഇന്ത്യൻ കൗൺസിൽ ഫോർ ഫോറസ്ട്രി റിസർച്ച് ആൻഡ് എജുക്കേഷന് പരിസ്ഥിതി മന്ത്രാലയം നിർദേശം നൽകി.
ഗുജറാത്തുമുതൽ ഡൽഹിവരെയുള്ള ആരവല്ലിയുടെ ഭൗമശാസ്ത്രപരമായ അതിർവരമ്പുകളെ സംരക്ഷിച്ചുനിർത്തുന്നതിനായാണ് ഖനനം നിർത്തുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
നിലവിൽ ആരവല്ലിയിൽ പ്രവർത്തിക്കുന്ന ഖനനപാട്ടങ്ങൾ സുപ്രീംകോടതി ഉത്തരവ് പാലിച്ചും മതിയായ പാരിസ്ഥിതിക സുരക്ഷ പാലിച്ചുമാണെന്ന് അതത് സംസ്ഥാനങ്ങൾ ഉറപ്പാക്കണം. ആരവല്ലിയുടെ പാരിസ്ഥിതിക ആവാസവ്യവസ്ഥയെ ദീർഘകാലാടിസ്ഥാനത്തിൽ സംരക്ഷിക്കുന്നതിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
Content Highlights: Central government imposes complete mining ban in Aravalli mountain ranges. Decision to protect ecological balance and expand protected zones. Read for details.