സംഘർഷമുണ്ടായ ജഹാംഗിര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിക്കാന്‍ കോര്‍പറേഷന്‍; തടഞ്ഞ് സുപ്രീം കോടതി

Photo: ANI
Photo: ANI

ന്യൂഡല്‍ഹി: ഹനുമാന്‍ ജയന്തി ഘോഷയാത്രയോടനുബന്ധിച്ച് രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ അനധികൃത കെട്ടിടങ്ങള്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിച്ചു മാറ്റിത്തുടങ്ങി. സംഘര്‍ഷമുണ്ടായ ജഹാംഗിര്‍പുരിയിലെ അനധികൃത കെട്ടിടങ്ങളാണ് പൊളിച്ചു നീക്കുന്നത്. അതിനിടെ, കെട്ടിടങ്ങള്‍ പൊളിക്കുന്നത് തടഞ്ഞുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. ഒഴിപ്പിക്കല്‍ നടപടിയില്‍ തല്‍സ്ഥിതി തുടരാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.

ജഹാംഗിർ പുരിയിലെ സി ബ്ലോക്കിലാണ് പൊളിച്ചു മാറ്റൽ നടപടി നടക്കുന്നത്. ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് വലിയ തോതിലുള്ള സംഘർഷമുണ്ടായ പ്രദേശമാണ് ഇത്. ഇവിടെയുള്ള അനധികൃതമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ഡൽഹി മുൻസിപ്പൽ കോർപ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊളിച്ചു മാറ്റൽ നടപടി ആരംഭിച്ചിരിക്കുന്നത്. വൻ പോലീസ് സന്നാഹത്തെയാണ് ഇതിന്‍റെ ഭാഗമായി പ്രദേശത്ത് ഏർപ്പെടുത്തിയിരുന്നത്. ഒന്‍പത് ബുള്‍ഡോസറുകള്‍ അടക്കമുള്ള സംഘം പ്രദേശത്തെ കെട്ടിടങ്ങള്‍ പൊളിച്ചനീക്കിത്തുടങ്ങിയ ശേഷമാണ് സുപ്രീം കോടതിയുടെ ഉത്തരവ് വന്നത്.

നേരത്തെ മധ്യപ്രദേശിലും ഗുജറാത്തിലും ഒക്കെ വർഗീയ സംഘർഷങ്ങളിൽ ഏർപ്പെട്ടിരുന്നവരിൽ ചിലരുടെ വീടുകൾ പൊളിച്ചു നീക്കുന്ന നടപടി സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഡൽഹിയിൽ ബിജെപി ഭരിക്കുന്ന മുൻസിപ്പൽ കോർപ്പറേഷന്റെ ഭാഗത്ത് നിന്നാണ് നടപടി ആരംഭിച്ചിരിക്കുന്നത്. അടുത്ത മൂന്ന് ദിവസം പൊളിച്ചു നീക്കൽ നടപടി ഉണ്ടാകും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. 

അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട് നേരത്തെ നോട്ടീസ് നൽകിയിരുന്നു എന്നാണ് ഡൽഹി കോർപ്പറേഷൻ വ്യക്തമാക്കുന്നത്. എന്നാൽ അതുമായി ബന്ധപ്പെട്ട് ഏതെങ്കിലും നടപടികൾ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് രണ്ട് മതവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ നടപടികൾ വേഗത്തിലാക്കിയിരിക്കുന്നത് എന്ന റിപ്പോർട്ടുകളാണ് ഉപ്പോൾ പുറത്തു വരുന്നത്.

സംഘർഷങ്ങൾക്ക് പിന്നാലെയാണ് പൊളിച്ചു നീക്കൽ നടപടി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ മുൻസിപ്പൽ കോർപ്പറേഷനോട് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പൊളിച്ചു നീക്കൽ നടപടി ആരംഭിച്ചിരിക്കുന്നത്.

Content Highlights: anti-encroachment drive in Jahangirpuri in Delhi