കുതിരക്കച്ചവട ആരോപണം: അന്വേഷണത്തിന് ഉത്തരവിട്ട് ലഫ്. ഗവർണർ; കെജ്‌രിവാളിന്റെ വസതിയിലെത്തി എ.സി.ബി

ന്യൂഡല്‍ഹി: എ.എ.പി. സ്ഥാനാര്‍ഥികളെ ബി.ജെ.പി. വലവീശിപ്പിടിക്കാന്‍ ശ്രമിക്കുന്നെന്ന അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണത്തിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന. ഇതിന് പിന്നാലെ ഡല്‍ഹിയുടെ ആന്റി കറപ്ഷന്‍ ബ്യൂറോ (എ.സി.ബി.) ഉദ്യോഗസ്ഥ സംഘം കെജ്‌രിവാളിന്റെ വസതിയിലെത്തി. ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് എ.സി.ബി. കെജ്‌രിവാളിന് നോട്ടീസ് നല്‍കി. ബി.ജെ.പി. ഓപ്പറേഷന്‍ താമരയ്ക്കായി സമീപിച്ചെന്ന് ആരോപിക്കുന്ന എം.എല്‍.എമാരുടെ പേരുവിവരങ്ങളും ആരാണ് വാഗ്ദാനം നല്‍കിയതെന്നുള്ള വിവരങ്ങളും എ.സി.ബി. ആരാഞ്ഞിട്ടുണ്ട്.
ആം ആദ്മി പാര്‍ട്ടിയുടെ 16 സ്ഥാനാര്‍ഥികളെ ഒപ്പംകൂട്ടാന്‍ ബി.ജെ.പി. ശ്രമിക്കുന്നെന്ന ആരോപണം വ്യാഴാഴ്ചയാണ് കെജ്‌രിവാള്‍ ഉന്നയിച്ചത്. പാര്‍ട്ടിമാറുകയാണെങ്കില്‍ മന്ത്രിസ്ഥാനവും 15 കോടിരൂപവീതവും നല്‍കാമെന്നായിരുന്നു ബി.ജെ.പിയുടെ വാഗ്ദാനമെന്നും കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. എ.എ.പിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ്ങും കെജ്‌രിവാളിന്റെ ആരോപണം ആവര്‍ത്തിച്ചിരുന്നു.
അതേസമയം, ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നടപടിയെ ചോദ്യംചെയ്ത് എ.എ.പി. ലീഗല്‍ സെല്‍ പ്രസിഡന്റ് സഞ്ജീവ് നസിയാര്‍ രംഗത്തെത്തി. എ.സി.ബിക്ക് എന്ത് അധികാരമാണുള്ളതെന്ന് ആരാഞ്ഞ സഞ്ജീവ്, ബി.ജെ.പി. ഗൂഢാലോചനയും ആരോപിച്ചു. നടപടി എടുക്കാന്‍ എ.സി.ബി. ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ല. എ.സി.ബി. ഉദ്യോഗസ്ഥര്‍ ആരോടോ ഫോണില്‍ സംസാരിക്കുകയാണ്. വിഷയത്തില്‍ പരാതി നല്‍കാന്‍ സഞ്ജയ് സിങ് എ.സി.ബി. ഓഫീസില്‍ എത്തിച്ചേര്‍ന്നെന്ന കാര്യം ഉദ്യോഗസ്ഥര്‍ക്ക് അറിയില്ല. രാഷ്ട്രീയനാടകം സൃഷ്ടിക്കാനുള്ള ബി.ജെ.പിയുടെ നീക്കമാണിത്. നോട്ടീസ് എവിടെ എന്ന് ചോദിച്ചപ്പോള്‍ എ.സി.ബി. ഉദ്യോഗസ്ഥര്‍ അത് തയ്യാറാക്കാനുള്ള നിര്‍ദേശങ്ങള്‍ തേടുകയായിരുന്നു. ബി.ജെ.പി. ആസ്ഥാനത്തുനിന്നാണോ അതോ മറ്റെവിടെനിന്നെങ്കിലുമാണോ അവര്‍ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതെന്ന് വ്യക്തമല്ല, സഞ്ജീവ് പറഞ്ഞു.
Content Highlights: anti corruption bureau officials reaches arvind kejriwal residence after bjp poaching allegation