‘ലക്ഷ്യം ലഹരിമുക്ത തമിഴ്നാട്, 2031-ലും സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകും’; നിർദേശങ്ങളുമായി അണ്ണാമലൈ

പൊള്ളാച്ചി: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ സംഭവിച്ച ഭരണമാറ്റം 2031-ലും ആവർത്തിക്കുമെന്ന് വി ദി ലീഡർ പാർട്ടിനേതാവും ബി.ജെ.പി. മുൻസംസ്ഥാനപ്രസിഡന്റുമായ കെ. അണ്ണാമലൈ. പൊള്ളാച്ചിയിൽ സംഘടനയുടെ ആദ്യസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാടിനെ ഏറ്റവും മികച്ച സംസ്ഥാനമാക്കുകയെന്നതാണ് സംഘടനയുടെ ലക്ഷ്യം. മതം എന്നത് ഈ സംഘടനയുടെ പരിധിക്കു പുറത്തായിരിക്കും. അനുയോജ്യമായ സമയത്ത് സംഘടന രാഷ്ട്രീയപ്പാർട്ടിയായി മാറും. വി ദി ലീഡർ സംഘടനയിൽ അംഗത്വം നേടിയവരിൽ 17 ശതമാനംപേർ സ്ത്രീകളാണ്. 54 ശതമാനംപേർ 35 വയസ്സിൽ താഴെയുള്ളവരും. 14 ശതമാനംപേർ 18-നും 25-നുമിടയിൽ പ്രായമുള്ളവരാണ്. തമിഴ്നാടിന്റെ ഭാവിരാഷ്ട്രീയം നിശ്ചയിക്കുന്നതിൽ ജെൻസിക്ക് നിർണായക സ്ഥാനമുണ്ടെന്നും അതുകൊണ്ട് 2031-ൽ ഭരണമാറ്റം സംഭവിക്കുമെന്നും അണ്ണാമലൈ പറഞ്ഞു.
ലക്ഷ്യം മയക്കുമരുന്നുരഹിത തമിഴ്നാട്
വി ദി ലീഡർ സംഘടനയുടെ പ്രഥമലക്ഷ്യം ലഹരിമുക്ത തമിഴ്നാടാണെന്ന് സ്ഥാപകനേതാവ് കെ. അണ്ണാമലൈ. പൊള്ളാച്ചി ആച്ചിപ്പട്ടിയിൽ ചേർന്ന സംഘടനയുടെ ആദ്യസമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നായി ആയിരക്കണക്കിന് പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുത്തു.
ജൂലായ് ലഹരിവിരുദ്ധമാസമായി ആചരിക്കും. വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ബസ്‌സ്റ്റാൻഡ് എന്നിവയ്ക്കു സമീപം പ്രവർത്തിക്കുന്ന മുഴുവൻ ടാസ്മാക് ഷോപ്പുകളും പൂട്ടണം. മയക്കുമരുന്നിനെതിരായ ബോധവത്കരണം ശക്തിപ്പെടുത്തണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.
വരുന്ന അഞ്ചുവർഷത്തിനകം മയക്കുമരുന്നുരഹിത തമിഴ്നാട് യഥാർഥ്യമാക്കുന്നതിനുവേണ്ട നിർദേശങ്ങൾ ഉൾക്കൊള്ളുന്ന വിവിധ പ്രമേയങ്ങൾ സമ്മേളനത്തിൽ പാസാക്കി. ബി.ജെ.പി. മുൻജില്ലാപ്രസിഡന്റ് കെ. വസന്തരാജന്റെ നേതൃത്വത്തിലായിരുന്നു സമ്മേളനം. സമ്മേളനത്തിന് തുടക്കംകുറിച്ച് ലഹരിവിരുദ്ധപ്രതിജ്ഞയുമെടുത്തു.
Content Highlights: K. Annamalai announces 'We The Leader' organization aiming for 2031 political shift., Core objective is to transform Tamil Nadu into a drug-free state., Organization focuses on youth (54% under 35) and women's empowerment., Proposals to close Tasmac shops near schools and places of worship., Plans to transition the organization into a political party at the right time.