‘ഡി.എം.കെ. ഫയൽസ്’ ആരോപണം: 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ടി.ആർ. ബാലു പിൻവലിച്ചെന്ന് അണ്ണാമലൈ

#ന്യൂസ് ഡെസ്ക്
കെ. അണ്ണാമലൈ | ഫോട്ടോ: പിടിഐ
കെ. അണ്ണാമലൈ | ഫോട്ടോ: പിടിഐ

ചെന്നൈ: മുൻ കേന്ദ്രമന്ത്രിയും ഡി.എം.കെ. ട്രഷററുമായ ടി.ആർ. ബാലു തനിക്കെതിരേ നൽകിയ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് അദ്ദേഹം പിൻവലിച്ചതായി മുൻ തമിഴ്നാട് ബി.ജെ.പി. അധ്യക്ഷൻ കെ. അണ്ണാമലൈ. എന്നാൽ 'ഡി.എം.കെ. ഫയൽസ്' എന്ന പേരിൽ താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നതായും അണ്ണാമലൈ വ്യക്തമാക്കി.

വിചാരണയുടെ ഒരു ഘട്ടത്തിൽ താൻ നേരിട്ടാണ് കേസിൽ വാദിച്ചതെന്നും ബാലുവിനെ ക്രോസ് വിസ്താരം നടത്തിയെന്നും അണ്ണാമലൈ പറഞ്ഞു. ക്രോസ് വിസ്താരത്തിനിടെ കോടതിയിൽ വെച്ച് ബാലു അടിസ്ഥാനരഹിതമായ പരാമർശങ്ങൾ തനിക്കെതിരേ നടത്തി. ഇതിനെതിരേ താൻ അദ്ദേഹത്തിനെതിരേ മറ്റൊരു കേസ് ഫയൽ ചെയ്തിരുന്നതായും അണ്ണാമലൈ പറഞ്ഞു. കോടതി നടപടികളുടെ വിശദാംശങ്ങൾ പൊതുസമൂഹത്തിന് ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തനിക്കെതിരായ കേസ് മുന്നോട്ടുകൊണ്ടുപോകണോ വേണ്ടയോ എന്നത് ബാലുവിന്റെ തീരുമാനമായിരുന്നു. എന്നാൽ, ഇപ്പോൾ അദ്ദേഹം സ്വമേധയാ കേസ് പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അണ്ണാമലൈ വ്യക്തമാക്കി. മുൻ ഡി.എം.കെ. സർക്കാരിനെതിരെയും പാർട്ടിയിലെ ചില നേതാക്കൾക്കെതിരെയും ഉന്നയിച്ച ഓരോ ആരോപണത്തിലും ഇപ്പോഴും ഉറച്ചുനിൽക്കുന്നതായി അണ്ണാമലൈ ആവർത്തിച്ചു.

2023 ഏപ്രിൽ 14-ന് ഡി.എം.കെ. മന്ത്രിമാരുടെയും മുതിർന്ന നേതാക്കളുടെയും അഴിമതികളെക്കുറിച്ചുള്ള വിവരങ്ങൾ 'ഡി.എം.കെ. ഫയൽസ്' എന്ന പേരിൽ അണ്ണാമലൈ പുറത്തുവിട്ടിരുന്നു. ഇതിൽ ബാലു അനധികൃതമായി കോടിക്കണക്കിന് രൂപയും സ്വത്തുക്കളും സമ്പാദിച്ചതായുള്ള ആരോപണമുണ്ടായി. ഇതിനെതിരേയാണ് ബാലു സൈദാപേട്ട് കോടതിയിൽ അണ്ണാമലൈയുടെ പേരിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. 100 കോടി രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു ആവശ്യം.

നേരത്തെ, അണ്ണാമലൈക്കെതിരേ നൽകിയ മാനനഷ്ടക്കേസ് ടി.ആർ. ബാലു പിൻവലിച്ചിരുന്നു. അണ്ണാമലൈ ബി.ജെ.പി. വിട്ട് പുതിയ പ്രസ്ഥാനം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ കേസ് തുടരേണ്ടതില്ലെന്ന് ബാലു തീരുമാനിക്കുകയായിരുന്നു. ഇതിനുവേണ്ടി കഴിഞ്ഞ 15 ദിവസമായി അദ്ദേഹം നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് മാനനഷ്ടക്കേസ് പിൻവലിക്കാനുള്ള തീരുമാനം.