നാളെ സ്വച്ഛ് ഭാരത് ദിവസ്: കേരള മാതൃകയിൽ ആന്ധ്രാമോഡൽ ‘സ്വച്ഛ രഥം’

#വിജയവാഡയിൽനിന്ന് അരുൺ സാബു
സ്വച്ഛ രഥം ഗുണ്ടൂരിലെ വേങ്കലായപാലെം ഗ്രാമത്തില്‍
സ്വച്ഛ രഥം ഗുണ്ടൂരിലെ വേങ്കലായപാലെം ഗ്രാമത്തില്‍

പഴയ പത്രക്കെട്ടുകള്‍ക്കും കുപ്പിപാട്ടകള്‍ക്കും നോട്ടുബുക്കുകള്‍ക്കും പകരം വീട്ടിലേക്ക് അത്യാവശ്യം വേണ്ട നിത്യോപയോഗ സാധനങ്ങള്‍. അതും വീട്ടുപടിക്കലെത്തി തൂക്കി വാങ്ങി പകരം സാധനം തരും. അളവിലും തൂക്കത്തിലും തട്ടിപ്പുണ്ടാകില്ലെന്ന് സര്‍ക്കാരിന്റെ ഉറപ്പുമുണ്ട്. എവിടെയെന്നല്ലേ ? ആന്ധ്രാപ്രദേശിലെ പഞ്ചായത്തുകളില്‍ പരീക്ഷിച്ചുവിജയിച്ച മാലിന്യശേഖരണ മാതൃകയായ 'സ്വച്ഛ രഥ'ത്തിന്റെ കഥയാണിത്. വീട്ടമ്മമാര്‍ ഏറ്റെടുത്ത് വിജയമാക്കിയ പദ്ധതി സംസ്ഥാനത്താകെ നടപ്പാക്കാനൊരുങ്ങുകയാണ് ആന്ധ്രാ സര്‍ക്കാര്‍.

പഴയ ബാര്‍ട്ടര്‍ സമ്പ്രദായത്തെ പുതുരൂപത്തില്‍ അവതരിപ്പിക്കാനുള്ള ആശയത്തിന് പിന്നില്‍ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനും മലയാളികളുടെ പ്രിയപ്പെട്ട കളക്ടറുമായിരുന്ന വി.ആര്‍. കൃഷ്ണ തേജയാണ്. ഡെപ്യൂട്ടേഷനില്‍ ആന്ധ്രയിലെ പഞ്ചായത്തിരാജ്-ഗ്രാമവികസന വകുപ്പ് കമ്മിഷണറായി സേവനമനുഷ്ഠിക്കുന്ന കൃഷ്ണ തേജ കേരളത്തിലെ അനുഭവപാഠങ്ങള്‍ മനസില്‍വെച്ചാണ് സ്വച്ഛ രഥത്തിന് ചക്രമുരുട്ടിയത്. അദ്ദേഹം അടുത്തിടെയാണെത്തിയതെങ്കിലും ഉറവിട മാലിന്യശേഖരണത്തിലും സംസ്‌കരണത്തിലും കേരളത്തിന്റെ മാതൃക മുമ്പേ ആന്ധ്ര നടപ്പാക്കിയിരുന്നു. ജൈവമാലിന്യത്തില്‍നിന്ന് കമ്പോസ്റ്റ് നിര്‍മിക്കുന്നതിനും കേരളം വഴികാട്ടിയായി.

മാലിന്യത്തില്‍നിന്ന് സമ്പാദ്യം

വീട്ടുപടിക്കല്‍ വന്നു ഖര മാലിന്യം ശേഖരിക്കല്‍ നേരത്തേയുള്ളതാണെങ്കിലും അതിലെ സമ്പാദ്യ സാധ്യതയാണ് സ്വച്ഛ രഥത്തെ വ്യത്യസ്തമാക്കുന്നത്. പത്രം, പേപ്പര്‍, ബുക്ക്, കാര്‍ഡ്‌ബോര്‍ഡ്, കുപ്പി, ഇരുമ്പ്, സ്റ്റീല്‍, അലൂമിനിയം പാത്രങ്ങള്‍ എന്നിങ്ങനെ ആക്രിക്കച്ചവടക്കാര്‍ക്ക് നല്‍കുന്നതെന്തും സ്വച്ഛ് രഥത്തിലും നല്‍കാം. സ്വകാര്യ കച്ചവടക്കാരെക്കാള്‍ മെച്ചപ്പെട്ട മൂല്യം ലഭിക്കും. പണത്തിനുപകരം പരിപ്പ്, പയര്‍ തുടങ്ങി ഒരു വീട്ടിലേക്കുവേണ്ട അത്യാവശ്യ സാധനങ്ങളൊക്കെ രഥത്തിലുണ്ട്. കൃത്യമായി അളന്നുതൂക്കി വാങ്ങാം. തട്ടിപ്പില്ലെന്ന് ഉറപ്പാക്കാന്‍ ലഭിച്ച മാലിന്യത്തിന്റെയും നല്‍കിയ സാധനങ്ങളുടെയും വിവരങ്ങള്‍ മൊബൈല്‍ ആപ്പില്‍ ഡിജിറ്റലായി രേഖപ്പെടുത്തും. ജിപിഎസ് ഘടിപ്പിച്ച വാഹനത്തിന്റെ സഞ്ചാരം പഞ്ചായത്ത് അധികൃതരും നിരീക്ഷിക്കും.

വരുമാനത്തിലെ ലാഭ മോഡല്‍

മുന്‍ ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച വീട്ടുപടിക്കല്‍ റേഷന്‍ പദ്ധതി റദ്ദാക്കി, അന്നത്തെ മൊബൈല്‍ മിനി ലോറികള്‍ രൂപം മാറ്റിയാണ് ഇപ്പോള്‍ ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ സ്വച്ഛ രഥമാക്കിയത്. ലോറിയുടെ പിന്നിലെ പകുതിഭാഗം മാലിന്യം ശേഖരിക്കാനും ബാക്കി ഭാഗം പലവ്യഞ്ജനങ്ങള്‍ സൂക്ഷിക്കാനുമാക്കി. വാഹനത്തിന്റെ ഡ്രൈവര്‍മാരായ സാരഥികള്‍ക്കാണ് സ്വച്ഛ രഥത്തിന്റെ നടത്തിപ്പ് ചുമതല. ഇവര്‍ ആക്രിക്കച്ചവടക്കാര്‍ക്ക് മാലിന്യം വിറ്റ് പണമാക്കും. കൂടാതെ സാധനം വാങ്ങാനും ഇന്ധനച്ചെലവിനുമെല്ലാമായി മാസം 25,000 രൂപ സാരഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കും. ഹരിതകര്‍മസേനയെപ്പോലെ ആന്ധ്രയിലുള്ള ക്ലാപ് വോളന്റിയര്‍മാരാണ് മാലിന്യശേഖരണത്തില്‍ സ്വച്ഛ രഥത്തെ സഹായിക്കുന്നത്.

സ്റ്റാര്‍ട്ടപ്പുകളും രംഗത്ത്

കഴിഞ്ഞ ജൂലായില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഗുണ്ടൂര്‍ ബ്ലോക്കിലെ 11 പഞ്ചായത്തുകളിലാണ് സ്വച്ഛ രഥ പദ്ധതി ആദ്യം നടപ്പാക്കിയത്. ഒക്ടോബറില്‍ പദ്ധതി എല്ലാ ജില്ലകളിലുമായി 100 ബ്ലോക്കുകളില്‍ക്കൂടി വരും. ബ്ലോക്കില്‍ ഒരു വാഹനമാണുള്ളത്. മുന്‍കൂട്ടി അറിയിച്ച് വാഹനം മാസത്തില്‍ രണ്ടോ മൂന്നോ തവണ എല്ലാ പഞ്ചായത്തിലുമെത്തും. പരീക്ഷണാടിസ്ഥാനത്തിലായിരുന്നെങ്കിലും ഗുണ്ടൂര്‍ റൂറല്‍ ബ്ലോക്ക് പഞ്ചായത്തില്‍ ആദ്യമാസത്തില്‍ത്തന്നെ ദിവസവും ശരാശരി 195 കിലോ ഖരമാലിന്യം ലഭിച്ചു. കണക്കുകളിലെ തെളിച്ചം കണ്ട് ചില സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ പദ്ധതിയുടെ നടത്തിപ്പിന് അവസരം ചോദിച്ച് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഘട്ടത്തില്‍ സ്വകാര്യ മേഖലയെ ഉള്‍പ്പെടുത്താതെ മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ആലോചന.

എവിടെയും വിജയിപ്പിക്കാനാകുന്ന മോഡല്‍

കേരളത്തില്‍ ഹരിതകര്‍മസേനയ്ക്ക് ആളുകള്‍ അങ്ങോട്ട് പണം നല്‍കുന്നുണ്ട്. ജൈവ, അജൈവ മാലിന്യങ്ങള്‍ പ്രത്യേകം വേര്‍തിരിച്ച് സംസ്‌കരിക്കുകയെന്നത് കേരളത്തെപ്പോലെ സാക്ഷരതയില്‍ മുന്നേറിയ സംസ്ഥാനത്ത് താരതമ്യേന എളുപ്പമായിരിക്കും. എന്നാല്‍ മറ്റിടങ്ങളില്‍ അങ്ങനെയാകണമെന്നില്ല. എവിടെയും വിജയിപ്പിക്കാവുന്ന ഒരു മോഡലാണ് സ്വച്ഛ രഥത്തിന്റേത്.-വി.ആര്‍. കൃഷ്ണ തേജ, കമ്മിഷണര്‍, പഞ്ചായത്തിരാജ്, ഗ്രാമവികസന വകുപ്പ്, ആന്ധ്രാപ്രദേശ്

Content Highlights: Andhra Pradesh`s innovative `Swachh Rath` project collects waste like newspapers & bottles, exchanging them for essential household items. A win-win for waste management & rural households.