മിഷോങ് കരതൊട്ടു; അതീവജാഗ്രതയില്‍ ആന്ധ്ര, മൂന്ന് വിമാനത്താവളങ്ങള്‍ അടച്ചു, കനത്ത മഴ | VIDEO

നെല്ലൂര്‍, ആന്ധ്രാപ്രദേശ്: മിഷോങ് ചുഴലിക്കാറ്റ് കരതൊട്ടതോടെ അതീവജാഗ്രതയില്‍ ആന്ധ്രാപ്രദേശ്. നെല്ലൂരിനും മച്ച്ലിപട്ടണത്തിനും ഇടയിലുള്ള തീരത്താണ് ചുഴലിക്കാറ്റ് കര തൊട്ടത്. കരതൊട്ട മിഷോങ് ചുഴലിക്കാറ്റ് മണിക്കൂറില്‍ 90 മുതല്‍ 100 വരെ കിലോമീറ്റര്‍ വേഗതയിലാണ് വീശിയടിക്കുന്നത്. ഇത് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. ആന്ധ്രയില്‍ കനത്ത മഴ തുടരുകയാണ്.
കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ വ്യാപകമായ കൃഷിനാശമാണ് ഉണ്ടായത്. പലയിടങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുപ്പതി, നെല്ലൂര്‍, പ്രകാശം, ബാപ്തല, കൃഷ്ണ, പടിഞ്ഞാറന്‍ ഗോദാവരി, കൊണസീമ, കാക്കിനാഡ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട്.