ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട എം.പിയെ അറസ്റ്റ് ചെയ്തു

ഹൈദരാബാദ്: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയ്ക്കനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട എം.പി. കെ. രഘുരാമ കൃഷ്ണം രാജുവിനെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. നരസാപുരത്ത് നിന്നുള്ള പാര്‍ലമെന്റംഗമായ കൃഷ്ണം രാജുവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് വെള്ളിയാഴ്ച സി.ഐ.ഡി. അറസ്റ്റ് ചെയ്തത്. അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയ്ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് സി.ബി.ഐ. പ്രത്യേക കോടതിയോട് കൃഷ്ണം രാജു ആഴ്ചകള്‍ക്ക് മുമ്പ് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ അന്തസ്സിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചതിനാണ് അറസ്റ്റ്. സര്‍ക്കാരിനെതിരെയുള്ള കൃഷ്ണം രാജുവിന്റെ അഴിമതി ആരോപണങ്ങളും ഇതിലുള്‍പ്പെടുന്നു. രാജ്യദ്രോഹം, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിക്കല്‍, സാമൂഹികവിപത്തിന് കാരണമാകുന്ന പ്രവൃത്തി എന്നീ കുറ്റങ്ങളാണ് എം.പിക്കെതിരെ ചുമത്തിയിട്ടുള്ളത്.
സാമുദായിക വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലും സര്‍ക്കാരിനെതിരെ പൊതുവികാരം സൃഷ്ടിക്കുന്ന തരത്തിലുമുള്ള പ്രസംഗങ്ങള്‍ കൃഷ്ണം രാജുവിന്റെ ഭാഗത്ത് നിന്നുണ്ടായതായി തെളിവ് ലഭിച്ചതായി പോലീസ് വക്താവ് അറിയിച്ചു. കൂടാതെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് സര്‍ക്കാരിനെതിരെ അവിശ്വാസ്യതയുണ്ടാക്കാനും കൃഷ്ണം രാജു ശ്രമിച്ചതായി അന്വേഷണസംഘം കൂട്ടിച്ചേര്‍ത്തു.
ജഗന്‍ മോഹന്‍ റെഡ്ഡിയ്‌ക്കെതിരെ 2012 മുതല്‍ മുതല്‍ നിലവിലുള്ള അനധികൃതസ്വത്ത് സമ്പാദന കേസില്‍ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ഏപ്രില്‍ 27-നാണ് കൃഷ്ണം രാജു ആവശ്യപ്പെട്ടത്. ജാമ്യവ്യവസ്ഥകള്‍ മുഖ്യമന്ത്രി ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു അത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വൈ.എസ്.ആര്‍. കോണ്‍ഗ്രസ് വിട്ടുപോയ കൃഷ്ണം രാജു 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് പാര്‍ട്ടിയില്‍ മടങ്ങിയെത്തിയത്. അതിനിടയില്‍ ബി.ജെ.പിയിലും ടി.ഡി.പിയിലും മാറി മാറി പലതവണ അംഗമായിട്ടുണ്ട്.
Content Highlights: Andhra Pradesh Arrests MP For Sedition After He Says Cancel Chief Minister's Bail
Content Highlights: