100 കോടിയുടെ അഴിമതി കേസിൽ തമിഴ്‌നാട് മുൻ മന്ത്രി അൻബിൽ മഹേഷ് അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്
അൻബിൽ മഹേഷ് | Photo: PTI
അൻബിൽ മഹേഷ് | Photo: PTI

ചെന്നൈ: തമിഴ്‌നാട് മുൻ വിദ്യാഭ്യാസ മന്ത്രിയും മുതിർന്ന ഡി.എം.കെ. നേതാവുമായ അൻബിൽ മഹേഷ് പൊയ്യാമൊഴിയെ ചെന്നൈ പോലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. സ്വകാര്യ സ്‌കൂളുകൾക്ക് ലൈസൻസുകളും മറ്റ് സർട്ടിഫിക്കറ്റുകളും നൽകിയതുമായി ബന്ധപ്പെട്ട 100 കോടി രൂപയുടെ അഴിമതി കേസിലാണ് നടപടി. മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച അൻബിൽ മഹേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പോലീസ് അറസ്റ്റിലേക്ക് കടന്നത്.

സർക്കാർ അംഗീകാരങ്ങൾ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് പണം കൈപ്പറ്റിയെന്നാണ് കേസ്. 177 സ്‌കൂളുകളിൽനിന്ന് ഇത്തരത്തിൽ പണം കൈപ്പറ്റിയതായാണ് കണ്ടെത്തൽ. അൻബിൽ മഹേഷിനെതിരായ ഡിജിറ്റൽ തെളിവുകളും മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച മുൻ മന്ത്രി, കേസിനെ നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കി. ഭരണകക്ഷിയായ തമിഴക വെട്രി കഴകം സർക്കാർ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടാൻ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ഡി.എം.കെ. കുറ്റപ്പെടുത്തി.