‘മഹാരാഷ്ട്ര മുഖ്യമന്ത്രി വിനോദയാത്രയ്ക്ക് പോയതല്ല’, സഞ്ജയ് റാവുത്തിന് മറുപടിയുമായി അമൃത ഫഡ്നവിസ്

#ന്യൂസ് ഡെസ്ക്
അമൃത ഫഡ്നവിസ്, സഞ്ജയ് റാവുത്ത് | Photo : ANI
അമൃത ഫഡ്നവിസ്, സഞ്ജയ് റാവുത്ത് | Photo : ANI

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ദാവോസിൽ വിനോദയാത്രയ്ക്ക് പോയതല്ലെന്ന് ഭാര്യ അമൃത ഫഡ്‌നവിസ്. ശിവസേന (യുബിടി) എംപി സഞ്ജയ് റാവുത്തിന്റെ പ്രസ്താവനകളോട് പ്രതികരിച്ചുകൊണ്ടായിരുന്നു അമൃത ഫഡ്‌നവിസിന്റെ പ്രസ്താവന. ലോക സാമ്പത്തിക ഫോറത്തിന്റെ (WEF) വാർഷിക യോഗത്തിൽ പങ്കെടുക്കാനാണ് ഫഡ്‌നവിസ് ദാവോസിൽ എത്തിയിരിക്കുന്നത്.

"അദ്ദേഹത്തിന്റെ (റാവുത്തിന്റെ) ഭാഷ എനിക്ക് മനസ്സിലാക്കാനാകുന്നില്ല. വിനോദയാത്രക്ക് പോകുന്ന ഒരാൾ ഇന്ത്യയിലേക്കും മഹാരാഷ്ട്രയിലേക്കും നിക്ഷേപം കൊണ്ടുവരുന്നതിനും തൊഴിൽ വർധിപ്പിക്കുന്നതിനും വേണ്ടി രാവിലെ ആറ് മണി മുതൽ രാത്രി 11മണി വരെ എല്ലാ ദിവസവും സമ്മേളനങ്ങളിലും യോഗങ്ങളിലും പങ്കെടുത്തുകൊണ്ടിരിക്കില്ല," മുംബൈയിൽ നടന്ന ഒരു പരിപാടിക്കിടെ അമൃത മാധ്യമങ്ങളോട് പറഞ്ഞു. "അതുകൊണ്ട് അദ്ദേഹത്തിന്റെ എല്ലാ പ്രസ്താവനകളെയും പോലെ ഇതും അടിസ്ഥാനരഹിതമാണെന്നാണ് എന്റെ അഭിപ്രായം," അവർ കൂട്ടിച്ചേർത്തു.

എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ അവരുടെ രാജ്യത്തെക്കുറിച്ച് സംസാരിക്കാനോ ബിസിനസ് അവസരങ്ങൾ കണ്ടെത്താനോ പോകുന്ന ഒരു അന്താരാഷ്ട്ര വേദിയാണ് ലോക സാമ്പത്തിക ഫോറമെന്ന് അമൃത പറഞ്ഞു. "അവിടെ പോകുന്നത് ഇന്ത്യയിലെ എല്ലാ സംസ്ഥാന തലവന്മാരുടെയും കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു," അമൃത കൂട്ടിച്ചേർത്തു.

ദാവോസിലേക്ക് യാത്ര ചെയ്യുന്ന നേതാക്കളുടെ യാത്രാച്ചെലവ് പൊതുജനങ്ങൾക്ക് വെളിപ്പെടുത്തണമെന്ന് റാവുത്ത് ആവശ്യപ്പെട്ടിരുന്നു. "ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ദാവോസിൽ വിനോദയാത്ര നടത്തുകയാണ്," റാവുത്ത് പറഞ്ഞിരുന്നു. ഇന്ത്യൻ കാഴ്ചപ്പാടിൽ ദാവോസ് സമ്മേളനം പരിഹാസ്യമാണെന്നും റാവുത്ത് കൂട്ടിച്ചേർത്തു.

Content Highlights: Amruta Fadnavis refutes Sanjay Raut`s claims, stating Maharashtra CM`s Davos trip for WEF is for investment & jobs, not a holiday. Learn more.