ദിനകരൻ വീണ്ടും എൻഡിഎയിലേക്ക്; മോദിയുടെ റാലിക്ക്‌ എത്തിയേക്കും

ടി.ടി.വി. ദിനകരന്‍ | ഫോട്ടോ: മാതൃഭൂമി
ടി.ടി.വി. ദിനകരന്‍ | ഫോട്ടോ: മാതൃഭൂമി

ചെന്നൈ: ടിടിവി ദിനകരന്റെ, അമ്മ മക്കൾ മുന്നേറ്റകഴകം (എഎംഎംകെ) എൻഡിഎയിൽ തിരിച്ചെത്തുന്നു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൻഡിഎ പ്രചാരണത്തിന് തുടക്കം കുറിച്ച് 23-ന് മധുരാന്തകത്തു നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദിനകരൻ വേദി പങ്കിടുമെന്നാണ് അറിയുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിലുണ്ടായിരുന്ന ദിനകരൻ കഴിഞ്ഞ സെപ്റ്റംബറിലാണ് എൻഡിഎ വിടുന്നതായി പ്രഖ്യാപിച്ചത്. അണ്ണാ ഡിഎംകെയും ബിജെപിയും സഖ്യം പുനഃസ്ഥാപിച്ചതോടെ എഎംഎംകെ അവഗണിക്കപ്പെട്ടെന്ന തോന്നലായിരുന്നു കാരണം. നിയമസഭാ തിരഞ്ഞെടുപ്പിൽ ദിനകരൻ ടിവികെയുമായി സഖ്യമുണ്ടാക്കിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, എൻഡിഎയിൽ തിരിച്ചെത്തിക്കാനുള്ള ബിജെപി ശ്രമം ഫലംകണ്ടെന്നാണ് അറിയുന്നത്. ദിനകരനെ എൻഡിഎയിലെടുക്കുന്നതിൽ എതിർപ്പില്ലെന്ന് അണ്ണാ ഡിഎംകെ വ്യക്തമാക്കിയിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയിലെ ഘടകകക്ഷികൾ ആരൊക്കെയാണെന്ന് മധുരാന്തകത്തെ റാലിയോടെ വ്യക്തമാകുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പറഞ്ഞിട്ടുണ്ട്. ദിനകരന്റെ എഎംഎംകെയും പ്രേമലതാ വിജയകാന്തിന്റെ ഡിഎംഡികെയും മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവവും എൻഡിഎയിൽ ചേരുമോ എന്ന ചോദ്യത്തിന് ഇതുസംബന്ധിച്ച എല്ലാ സംശയങ്ങൾക്കും പ്രധാനമന്ത്രിയുടെ റാലിയോടെ ഉത്തരം ലഭിക്കുമെന്നായിരുന്നു നാഗേന്ദ്രന്റെ മറുപടി. എൻഡിഎയിലെ എല്ലാ നേതാക്കൾക്കും പ്രധാനമന്ത്രിയുടെ വേദിയിൽ ഇടം ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബിജെപിക്കും അണ്ണാ ഡിഎംകെയ്ക്കും പുറമേ അൻപുമണി രാംദാസിന്റെ നേതൃത്വത്തിലുള്ള പാട്ടാളി മക്കൾ കക്ഷിമാത്രമാണ് നിലവിൽ എൻഡിഎയിൽ ചേർന്നിട്ടുള്ളത്. ഡിഎംഡികെയെയും ഏതാനും ചെറു കക്ഷികളെയും സഖ്യത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

Content Highlights: TTV Dinakaran`s AMMK rejoins NDA for Tamil Nadu elections. Dinakaran to share stage with PM Modi at Madhuranthakam rally, signaling alliance.