'ഉച്ചഭക്ഷണ നയതന്ത്രം'; അമരീന്ദര്‍ സിങ് മന്ത്രിസഭയിലേക്ക് സിദ്ദു തിരിച്ചെത്തിയേക്കും

അമരീന്ദര്‍ സിങും സിദ്ദുവും |Photo:twitter.com|@RT_MediaAdvPbCM
അമരീന്ദര്‍ സിങും സിദ്ദുവും |Photo:twitter.com|@RT_MediaAdvPbCM

ഛത്തീസ്ഗഢ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തന്റെ മുഖ്യ എതിരാളിയും പാര്‍ട്ടിയിലെ വിമര്‍ശകനുമായ നവജ്യോത് സിങ് സിദ്ദുവുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന മന്ത്രിസഭയിലേക്ക് സിദ്ദുവിന്റെ മടങ്ങി വരവിന് ഇരുവരുടേയും കൂടിക്കാഴ്ച വഴിയൊരുക്കിയതായാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇരുനേതാക്കളും തമ്മില്‍ അത്ര അടുപ്പത്തിലായിരുന്നില്ല. അമരീന്ദര്‍ സിങുമായി ഉടക്കി കഴിഞ്ഞ വര്‍ഷം സിദ്ദു മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. പരസ്പരം പരസ്യമായി വിമര്‍ശനങ്ങളുന്നയിച്ചിരുന്ന ഇരുനേതാക്കളും 'ഉച്ചഭക്ഷണ നയതന്ത്ര'ത്തിലൂടെ ഇപ്പോള്‍ ഒന്നിക്കുകയാണ്.

വ്യാഴാഴ്ച സിദ്ദുവിനെ അമരീന്ദര്‍ സിങ് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിരുന്നു. ഇരുനേതാക്കളും ഉച്ചഭക്ഷണത്തിന് ശേഷം ദീര്‍ഘനേരം വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. സംസ്ഥാന-ദേശീയ രാഷ്ട്രീയവും ചര്‍ച്ചയില്‍ വന്നെന്ന് അമരീന്ദര്‍ സിങിന്റെ മാധ്യമ ഉപദേഷ്ടാവ് പറഞ്ഞു.

കൂടിക്കാഴ്ചയില്‍ തങ്ങള്‍ ഇരുവരും സംതൃപ്തരും സന്തുഷ്ടരുമാണെന്ന് അമരീന്ദര്‍ സിങ് പ്രതികരിച്ചു.'പഞ്ചാബുമായി ബന്ധപ്പെട്ടോ ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ടോ  തങ്ങള്‍ ചര്‍ച്ച നടത്തിയിട്ടില്ല. സിദ്ദു ധാരാളം ക്രിക്കറ്റ് അനുഭവങ്ങള്‍ പങ്കുവെച്ചു. നിര്‍ഭാഗ്യവശാല്‍ മാധ്യമങ്ങള്‍ നിസാര സംഭവത്തെ പര്‍വതീകരിക്കുകയായിരുന്നു' അമരീന്ദര്‍ സിങ് പറഞ്ഞു.

ഇരുനേതാക്കളും തമ്മിലുള്ള ഭിന്നത പരിഹരിക്കുന്നതിനായി മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിന് പഞ്ചാബിന്റെ ചുമതല നല്‍കിയിരുന്നു. അടുത്തിടെ കര്‍ഷക സമരങ്ങളില്‍ പങ്കെടുത്ത് സംസാരിച്ച സിദ്ദു തന്റെ പ്രസംഗങ്ങളില്‍ അമരീന്ദര്‍ സിങിനെതിരെയുള്ള വിമര്‍ശനം ഒഴിവാക്കുകയും പകരം അദ്ദേഹത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നതും ശ്രദ്ധേയമാണ്.

Content Highlights: Amarinder meets Sidhu over lunch, sets off speculation on MLA's reinduction into Punjab cabinet

Content Highlights: