ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുക്കൾക്ക് ആരാധനയ്ക്ക് അനുമതി; ജില്ലാ കോടതി ഉത്തരവ് സ്റ്റേ ചെയ്യാതെ ഹൈക്കോടതി

.
.

അലഹബാദ്: ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയില്‍ ഹിന്ദു വിഭാഗത്തിന് ആരാധന നടത്താന്‍ അനുമതി നല്‍കിയ വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് സ്‌റ്റേചെയ്യാന്‍ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി. ഹര്‍ജികളില്‍ ഭേദഗതിവരുത്താന്‍ മസ്ജിദ് കമ്മിറ്റിക്ക് ഫെബ്രുവരി ആറുവരെ ഹൈക്കോടതി സമയം അനുവദിച്ചു. കേസ് ഹൈക്കോടതി ആറിന് വീണ്ടും പരിഗണിക്കും. ഇടക്കാല ഉത്തരവ് വേണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്.

ജില്ലാ മജിസ്‌ട്രേറ്റിനെ റിസീവറായി നിയമിച്ച ജനുവരി 17-ലെ ഉത്തരവിനെയാണ് ആദ്യം മസ്ജിദ് കമ്മിറ്റി ചോദ്യംചെയ്യേണ്ടതെന്ന് ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ ബെഞ്ച് പറഞ്ഞു. ഇതിന് ശേഷമാണ് മസ്ജിദ് സമുച്ചയത്തില്‍ ഹിന്ദുവിഭാഗത്തിന് ആരാധന നടത്താന്‍ അനുമതി നല്‍കിയത്.

ജനുവരി 17-ലെ ഉത്തരവ് എന്തുകൊണ്ട് ചോദ്യംചെയ്യുന്നില്ലെന്ന് കോടതി മസ്ജിദ് കമ്മിറ്റി അഭിഭാഷകനോട് ആരാഞ്ഞു. അതിനെയും ചോദ്യം ചെയ്യും. ജനുവരി 31-ലെ ഉത്തരവ് പെട്ടെന്നായിരുന്നു. ഈ ഉത്തരവ് വന്നയുടന്‍ ജില്ലാ മജിസ്ട്രേറ്റ് രാത്രി ഒരുക്കങ്ങള്‍ നടത്തി ഒമ്പത് മണിക്കൂറിനുള്ളില്‍ പൂജ തുടങ്ങിയെന്നും അഭിഭാഷകന്‍ മറുപടി നല്‍കി.

മസ്ജിദ് കമ്മിറ്റി നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി ഉടന്‍ കേള്‍ക്കാന്‍ കോടതി വിസമ്മതിച്ചിരുന്നു. ജില്ലാ കോടതിയുടെ ഉത്തരവിനെതിരേ ആദ്യം ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. തുടര്‍ന്നാണ് അലഹാബാദ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്.

Content Highlights: Allahabad HC declines stay on Varanasi court order allowing Hindu prayers in Gyanvapi mosque