അഗ്നിപഥ്: പ്രധാനമന്ത്രിയും സേനാമേധാവിമാരും തമ്മിലുള്ള കൂടിക്കാഴ്ച നാളെ, വിവരങ്ങള്‍ ധരിപ്പിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കര-നാവിക-വ്യോമസേനാ മേധാവികളും തമ്മില്‍ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍
ഹ്രസ്വകാല സൈനിക നിയമന പദ്ധതിയായ അഗ്നിപഥുമായ ബന്ധപ്പെട്ട വിവരങ്ങള്‍ പ്രധാനമന്ത്രിയെ സേനാമേധാവികള്‍ ധരിപ്പിക്കുമെന്ന്
എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.
ജൂണ്‍ 14-ന് പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരേ രാജ്യവ്യാപക പ്രതിഷേധങ്ങളാണ് നടക്കുന്നത്. വിവിധ പ്രതിപക്ഷ പാര്‍ട്ടികളും പദ്ധതിക്കെതിരെ സമരരംഗത്തുണ്ട്. പദ്ധതിയുമായി മുന്നോട്ടെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ചില തീരുമാനങ്ങള്‍ ആദ്യം ഒരുപക്ഷെ അന്യായമെന്ന് തോന്നിയേക്കാം. എന്നാല്‍ പിന്നീട് ഇവ രാഷ്ട്രനിര്‍മ്മിതിയെ സഹായിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിക്കുള്ള രജിസ്ട്രേഷന് ജൂലൈ മുതല്‍ ആരംഭിക്കുമെന്ന് കരസേന തിങ്കളാഴ്ച വിജ്ഞാപനത്തിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മെഡിക്കല്‍ ബ്രാഞ്ചിലെ ടെക്നിക്കല്‍ കേഡര്‍ ഒഴികെ ഇന്ത്യന്‍ സൈന്യത്തിലേക്കുള്ള ഏക പ്രവേശനമാര്‍ഗം അഗ്നിപഥ് മാത്രമാണ്. അഗ്നിവീരന്മാര് ഒരു പ്രത്യേക റാങ്കായിരിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
ആദ്യവര്‍ഷം, മൂന്നുസേനകളിലേക്കുമായി 45,000 അഗ്നിവീരന്മാരെ നിയമിക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി. പ്രതിഷേധങ്ങള്‍ ശക്തമാണെങ്കിലും പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കേന്ദ്രം. വീരമൃത്യു വരിക്കുന്ന അഗിനിവീരന്മാരുടെ കുടുംബത്തിന് ഒരുകോടി രൂപ സഹായധനം നല്‍കും. സൈനികര്‍ക്ക് നിലവിലുള്ള അപായസാധ്യതാ (റിസ്ക്) ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ അഗ്നിവീരര്‍ക്കും നല്‍കും. സേവനവ്യവസ്ഥകളില്‍ വേര്‍തിരിവുണ്ടാകില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ച പ്രക്ഷോഭകാരികള്‍ക്ക് പദ്ധതിയിലൂടെ നിയമനമുണ്ടാകില്ലെന്ന് ലെഫ്. ജനറല്‍ അനില്‍ പുരി നേരത്തെ വ്യക്തമാക്കിയിരുന്നു. അക്രമങ്ങളില്‍ പങ്കെടുത്തില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന പ്രതിജ്ഞാപത്രം ഉദ്യോഗാര്‍ഥികള്‍ നല്‍കണം. കേസുണ്ടെങ്കില്‍ നിയമനം ലഭിക്കില്ല.
Content Highlights: All 3 Service Chiefs To Meet PM, Brief Him On 'Agnipath' Tomorrow