2047 വരെ അഖിലേഷ് യാദവിന്റെ കുടുംബത്തിൽനിന്ന് ഒരാളും ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകില്ല- കേശവ് പ്രസാദ് മൗര്യ

#ന്യൂസ് ഡെസ്ക്
കേശവ് പ്രസാദ് മൗര്യ, അഖിലേഷ് യാദവ് | Photos: PTI
കേശവ് പ്രസാദ് മൗര്യ, അഖിലേഷ് യാദവ് | Photos: PTI

ലഖ്‌നൗ: സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ കുടുംബത്തിൽനിന്ന് ഒരാൾപോലും 2047 വരെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകില്ലെന്ന് യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 2017-ലേതിനേക്കാൾ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സിഎൻഎൻ ന്യൂസ്18-ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

2027-ലെ യു.പി തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം തടയാൻ ആർക്കും കഴിയില്ല. ഉത്തർപ്രദേശിൽ പാർട്ടി ചരിത്രപരമായ ഹാട്രിക് നേടും. പശ്ചിമബംഗാൾ, മഹാരാഷ്ട്ര, ഹരിയാണ, ഡൽഹി എന്നിവിടങ്ങളിൽ ബിജെപി നേടിയ വിജയങ്ങളെ കേശവ് പ്രസാദ് മൗര്യ പ്രത്യേകം പരാമർശിച്ചു. അഖിലേഷ് യാദവിന്റെ കുടുംബത്തിൽനിന്ന് 2047 വരെയും ആരും മുഖ്യമന്ത്രിയാകില്ലെന്നായിരുന്നു മൗര്യയുടെ പ്രഖ്യാപനം.

യാദവരുടെയും മുസ്ലിംകളുടെയും പിന്തുണ സമാജ്വാദി പാർട്ടിക്ക് ലഭിച്ചാലും അത് തിരഞ്ഞെടുപ്പിൽ അവർക്ക് ഗുണംചെയ്യില്ല. ഈ വിഭാഗങ്ങളുടെ പിന്തുണ ലഭിക്കുന്നതുകൊണ്ട് മാത്രം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന വാദം യാഥാർഥ്യത്തിൽനിന്ന് അകലെയാണ്. സംവരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതാണ് 2024-ൽ എസ്പി-കോൺഗ്രസ് സഖ്യത്തിന് നേട്ടമുണ്ടാക്കാൻ കാരണമായത്. 2024-ലെ ഫലം 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ബിജെപി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

സമാജ്വാദി പാർട്ടിക്ക് ക്രിമിനൽ പശ്ചാത്തലമുള്ളവരുമായി അടുത്ത ബന്ധമുണ്ടെന്ന് മൗര്യ ആരോപിച്ചു. താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ടെന്നും മൗര്യ അഭിമുഖത്തിൽ തുറന്നുപറഞ്ഞു. എന്നാൽ, ഈ ആഗ്രഹം പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾക്ക് കാരണമാകില്ല. തിരഞ്ഞെടുപ്പുകൾ കൂട്ടായ നേതൃത്വത്തിലാണ് ബിജെപി നേരിടുന്നത്. ആരാകും മുഖ്യമന്ത്രിയെന്ന് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനമെടുക്കുമെന്നും മൗര്യ വ്യക്തമാക്കി.

മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി തനിക്ക് യാതൊരു ഭിന്നതയുമില്ല. ഭിന്നതകളുണ്ടായിരുന്നെങ്കിൽ താൻ ഉപമുഖ്യമന്ത്രിയും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയുമായി തുടരില്ലായിരുന്നു. അഖിലേഷ് യാദവിന് പിതാവുമായും അമ്മാവനുമായും ഭിന്നതകളുണ്ടായിരുന്നുവെന്നും അതിനാൽ തന്നെക്കുറിച്ച് ഇത്തരത്തിൽ സംസാരിക്കരുതെന്നും മൗര്യ പറഞ്ഞു.

Content Highlights: UP Deputy CM Keshav Prasad Maurya asserted that no one from Akhilesh Yadav's family will become CM until 2047, expressing confidence that BJP will secure a massive victory in the 2027 Assembly elections.