'ഇതെങ്ങനെയാ വർക്ക് ചെയ്യുന്നേ..?'; ടേക്ക് ഓഫിന് തൊട്ടുമുൻപ് എമർജൻസി എക്‌സിറ്റ് തുറന്ന് യുപി സ്വദേശി

ലഖ്‌നൗ: ടേക്ക് ഓഫിന് തൊട്ടുമുന്‍പ് വിമാനത്തിലെ എമര്‍ജന്‍സി എക്‌സിറ്റ് ഹാന്‍ഡിലിന്റെ കവര്‍ തുറന്ന് യാത്രക്കാരന്‍. വാരാണസി ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന അകാസ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരനായ ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പുര്‍ സ്വദേശി അജയ് തിവാരിയാണ് ടേക്ക് ഓഫിന് തൊട്ടുമുന്‍പ് എമര്‍ജന്‍സി എക്‌സിറ്റ് ഹാന്‍ഡിലിന്റെ കവര്‍ തുറന്നത്. സംഭവത്തെത്തുടര്‍ന്ന് വിമാനം ഒരുമണിക്കൂറോളം വൈകി.
വ്യാഴാഴ്ച രാത്രി 7.55-ന് ടേക്ക് ഓഫിനായി തയ്യാറെടുക്കവെയാണ് 16A സീറ്റിലെ യാത്രക്കാരനായ അജയ് തിവാരി എമര്‍ജന്‍സി എക്‌സിറ്റ് ഹാന്‍ഡിലിന്റെ കവര്‍ തുറന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ക്രൂ അംഗം ഉടന്‍തന്നെ പൈലറ്റിനെ വിവരമറിയിച്ചു. പൈലറ്റ് എയര്‍ട്രാഫിക് കണ്‍ട്രോളിലേക്കും(എടിസി) വിവരം കൈമാറി. വിമാനം റണ്‍വേയില്‍നിന്ന് ഏപ്രണിലേക്ക് മാറ്റുകയുംചെയ്തു. തുടര്‍ന്ന് സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം ഒരുമണിക്കൂറോളം വൈകിയാണ് വിമാനം വാരാണസിയില്‍നിന്ന് യാത്രതിരിച്ചത്. ഇതിനിടെ, യാത്രക്കാരനായ അജയ് തിവാരിയെ വിമാനത്താവള അധികൃതര്‍ പോലീസിന് കൈമാറിയിരുന്നു.
സംഭവത്തില്‍ അകാസ എയര്‍ലൈന്‍സിന്റെ പരാതിയില്‍ അജയ് തിവാരിക്കെതിരേ കേസെടുത്തതായും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് പറഞ്ഞു. യുപി സ്വദേശിയായ അജയ് തിവാരി തമിഴ്‌നാട്ടിലെ സിമന്റ് ഫാക്ടറിയില്‍ ബൂംലിഫ്റ്റ് ഓപ്പറേറ്ററാണ്. കഴിഞ്ഞദിവസം ഇയാളുടെ ആദ്യത്തെ വിമാനയാത്രയായിരുന്നു. എമര്‍ജന്‍സി വാതിലിനടുത്തെ സീറ്റായിരുന്നു ഇയാള്‍ക്ക് ലഭിച്ചത്. എമര്‍ജന്‍സി എക്‌സിറ്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അറിയാനായി അബദ്ധത്തില്‍ തുറന്നുപോയെന്നാണ് ഇയാള്‍ നല്‍കിയ മൊഴി.
Content Highlights: Akasa Air flight from Varanasi delayed for an hour after a passenger opened the emergency exit cover