അജിത് പവാറിന്റെ മരണം: വിമാനാപകടം അട്ടിമറിയോ? പൈലറ്റിന്റെ പശ്ചാത്തലത്തിൽ ദുരൂഹതയെന്ന് ആരോപണം

#ന്യൂസ് ഡെസ്ക്
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ വിമാനാപകട മരണത്തെക്കുറിച്ചുള്ള പത്രസമ്മേളനത്തിനിടെ എൻസിപി (ശരദ് പവാർ) നേതാവ് രോഹിത് പവാർ മാധ്യമങ്ങളുമായി സംവദിക്കുന്നു.| PTI Photo
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ വിമാനാപകട മരണത്തെക്കുറിച്ചുള്ള പത്രസമ്മേളനത്തിനിടെ എൻസിപി (ശരദ് പവാർ) നേതാവ് രോഹിത് പവാർ മാധ്യമങ്ങളുമായി സംവദിക്കുന്നു.| PTI Photo

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി എൻസിപി (എസ്പി) നേതാവ് രോഹിത് പവാർ രംഗത്തെത്തി. കഴിഞ്ഞ മാസം ബാരാമതിയിൽ നടന്ന വിമാനാപകടം കേവലമൊരു അപകടമായി കാണാൻ കഴിയില്ലെന്നും ഇതിൽ അട്ടിമറിക്ക് സാധ്യതയുണ്ടെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. അപകടസമയത്ത് വിമാനം നിയന്ത്രിച്ചിരുന്ന ക്യാപ്റ്റൻ സുമിത് കപൂറിന്റെ പശ്ചാത്തലം ദുരൂഹമാണെന്ന് രോഹിത് പവാർ ആരോപിച്ചു. മദ്യപിച്ചതിന്റെ പേരിൽ ഇദ്ദേഹം മുൻപ് മൂന്ന് വർഷത്തേക്ക് സസ്പെൻഷനിലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിമാനത്തിന്റെ ഉടമസ്ഥരായ വി.എസ്.ആർ. കമ്പനിക്ക് ഏവിയേഷൻ റെഗുലേറ്റർമാരിൽ വലിയ സ്വാധീനമുണ്ടെന്നും 2023-ൽ ഈ കമ്പനിയുടെ വിമാനം അപകടത്തിൽ പെട്ടിട്ടും ലൈസൻസ് റദ്ദാക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. അപകടത്തിന് തലേദിവസം (ജനുവരി 27) റോഡ് മാർഗം പുണെയിലേക്ക് പോകാൻ നിശ്ചയിച്ചിരുന്ന അജിത് പവാർ അവസാനനിമിഷം വിമാനം തിരഞ്ഞെടുത്തതിലും രോഹിത് ദുരൂഹത കാണുന്നു. വിമാനത്തിലെ ട്രാൻസ്‌പോണ്ടർ സ്വിച്ച് ഓഫ് ചെയ്തിരുന്നോ എന്നും മോശം കാലാവസ്ഥയിലും വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

നിലവിലെ അന്വേഷണ ഏജൻസികളിൽ വിശ്വാസമില്ലെന്നും അമേരിക്കയിലെ എൻടിഎസ്ബി, യുകെയിലെ എഎഐബി തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികൾ ഈ കേസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും മരണത്തിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ചിരുന്നു. അജിത് പവാർ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിലേക്ക് തിരികെവരാൻ ആലോചിച്ചിരുന്നതായും ഇതിൽ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ, എൻസിപി അധ്യക്ഷൻ ശരദ് പവാർ ഇത് ഒരു അപകടം മാത്രമാണെന്നാണ് പ്രതികരിച്ചത്.

കേന്ദ്ര വിമാനയാന മന്ത്രാലയത്തിന്റെ സാങ്കേതിക അന്വേഷണം നടന്നുവരികയാണ്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് വീണ്ടെടുത്തിട്ടുണ്ടെന്നും അത് പരിശോധിച്ചു വരികയാണെന്നും കേന്ദ്രമന്ത്രി മുരളീധർ മോഹോൾ വ്യക്തമാക്കി. മഹാരാഷ്ട്ര ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് കേസിൽ സമാന്തര അന്വേഷണം നടത്തുന്നുണ്ട്.

ജനുവരി 28-നാണ് ബാരാമതിയിലെ താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അജിത് പവാർ സഞ്ചരിച്ച വിമാനം തകർന്നു വീണത്. അപകടത്തിൽ അജിത് പവാറിനൊപ്പം പൈലറ്റും സുരക്ഷാ ഉദ്യോഗസ്ഥനും ഉൾപ്പെടെ നാല് പേർ കൂടി കൊല്ലപ്പെട്ടിരുന്നു

Content Highlights: NCP (SP) leader Rohit Pawar alleges a conspiracy behind Ajit Pawar`s recent plane crash. Questions raised about pilot, aircraft ownership, and last-minute flight changes.