'യുകെയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു'; മൃതദേഹങ്ങള്‍ മാറിപ്പോയെന്ന ആരോപണത്തില്‍ ഇന്ത്യ

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുമരിച്ച യുകെ പൗരന്‍മാരുടെ മൃതദേഹം മാറിപ്പോയെന്ന ആരോപണത്തില്‍ പ്രതികരിച്ച് ഇന്ത്യ. കുടുംബാംഗങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് യുകെ അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
തങ്ങള്‍ക്ക് ലഭിച്ച മൃതദേഹം മാറിപ്പോയെന്ന് ആരോപിച്ച് അപകടത്തില്‍ മരിച്ച രണ്ടുപേരുടെ കുടുംബമാണ് രംഗത്തെത്തിയത്. ബ്രിട്ടീഷ് മാധ്യമമായ 'ഡെയ്‌ലി മെയില്‍' ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇതിനുപിന്നാലെയാണ് വിദേശകാര്യ വക്താവിന്റെ പ്രതികരണം. പ്രധാനമന്ത്രിയുടെ യു.കെ സന്ദര്‍ശനത്തിന്റെകൂടി പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
'സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ട നിമിഷംമുതല്‍ യുകെ അധികൃതരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയാണ്. ദാരുണമായ അപകടത്തിന് പിന്നാലെതന്നെ പതിവ് പ്രോട്ടോക്കോളുകളും സാങ്കേതികതയും അനുസരിച്ച് മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ കൈകാര്യംചെയ്തത് വളരെയധികം പ്രോഫഷണലിസത്തോടെയും മരിച്ചവരോടുള്ള വലിയ ആദരവോടെയുമാണ്', രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി.
തങ്ങള്‍ക്ക് ലഭിച്ച മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധനാ ഫലം കുടുംബാംഗങ്ങളുടെ സാമ്പിളുകളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് മരിച്ച രണ്ട് യുകെ പൗരന്‍മാരുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചത്. യുകെയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്. ലഭിച്ചിരിക്കുന്ന മൃതദേഹം മറ്റാരുടേതോ ആണെന്നാണ് ഇവർ പറയുന്നത്. കുടുംബങ്ങള്‍ക്കുവേണ്ടി ജയിംസ് ഹീലി എന്ന അഭിഭാഷകനാണ് ആരോപണവുമായി രംഗത്തുവന്നത്.
തങ്ങള്‍ക്ക് ലഭിച്ച മൃതദേഹാവശിഷ്ടങ്ങള്‍ ലണ്ടനില്‍ വീണ്ടും ഡിഎന്‍എ പരിശോധന നടത്തിയതോടെയാണ് പൊരുത്തക്കേടുകള്‍ വെളിച്ചത്തുവന്നതെന്നാണ് കുടുംബം പറയുന്നത്. ഇന്ത്യയില്‍വെച്ച് നടത്തിയ പരിശോധനയില്‍ മരിച്ച യാത്രക്കാരെ തിരിച്ചറിയുന്നതില്‍ പിഴവുണ്ടായിട്ടുണ്ടെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഇവരില്‍ ഒരാളുടെ കുടുംബം സംസ്‌കാരച്ചടങ്ങുകള്‍ റദ്ദാക്കിയതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്നിലധികം പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഒരു പെട്ടിയില്‍ ഒരുമിച്ച് അയച്ചതായും ആരോപണമുണ്ട്.
ജൂണ്‍ 12-ന് അഹമ്മദാബാദില്‍ എയര്‍ഇന്ത്യ വിമാനം തകര്‍ന്നുവീണ് യാത്രക്കാരടക്കം 260 പേര്‍ കൊല്ലപ്പെട്ട സംഭവം രാജ്യത്തെ മാത്രമല്ല ലോകത്തെയാകെ ഞെട്ടിച്ചിരുന്നു. രണ്ട് പൈലറ്റുമാരും 10 ക്യാബിന്‍ ക്രൂ അംഗങ്ങളുമടക്കം 242 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളൊഴികെ എല്ലാവരും മരിച്ചു. വിമാനം തകര്‍ന്നുവീണ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലുണ്ടായിരുന്നവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
Content Highlights: India is working with UK authorities to address concerns over misidentified bodies of UK citizens