ഒരു കുടുംബത്തിന് 10,000 രൂപ; തമിഴ്നാട്ടിൽ വൻ തിരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി അണ്ണാ ഡിഎംകെ

ചെന്നൈ: തമിഴ്നാട്ടിൽ വൻ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി അണ്ണാ ഡിഎംകെ. അധികാരത്തിലെത്തിയാൽ ഓരോ കുടുംബത്തിനും 10,000 രൂപ ധനസഹായം നൽകുമെന്നാണ് പ്രഖ്യാപനം. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയാണ് ധനസഹായ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ധനസഹായം നൽകാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
അണ്ണാ ഡിഎംകെ പുറത്തിറക്കിയ മൂന്നാം ഘട്ട പ്രകടന പത്രികയിലാണ് ഈ സുപ്രധാന പ്രഖ്യാപനങ്ങളുള്ളത്. കുടുംബങ്ങൾക്കുള്ള ധനസഹായത്തിന് പുറമെ തൊഴിലില്ലായ്മ പരിഹരിക്കാനും വിവിധ മേഖലയിലുള്ളവർക്കും ആശ്വാസകരമായ നിരവധി വാഗ്ദാനങ്ങൾ പാർട്ടി മുന്നോട്ടുവെക്കുന്നുണ്ട്. എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് തൊഴിൽ ലഭിക്കാത്തവർക്ക് മാസം 2,000 രൂപ വീതം നൽകും. ഇതിൽ പ്ലസ് ടു പാസ്സായവർക്ക് 1,000 രൂപ നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ട്രോളിങ് നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾക്ക് നിലവിൽ സർക്കാർ നൽകുന്ന 8,000 രൂപ, അണ്ണാ ഡിഎംകെ അധികാരത്തിൽ വന്നാൽ 10,000 രൂപയായി ഉയർത്തുമെന്നാണ് മറ്റൊരു പ്രധാന വാഗ്ദാനം. താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളെ ലക്ഷ്യമിട്ട് നെയ്ത്തുകാർക്കും പ്രത്യേക സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഡിഎംകെ സർക്കാർ ഓരോ കുടുംബത്തിനും 5,000 രൂപ വീതം നൽകുന്ന നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിനെ വെല്ലുന്ന വാഗ്ദാനങ്ങളുമായി അണ്ണാ ഡിഎംകെ രംഗത്തെത്തിയിരിക്കുന്നത്. ഡിഎംകെ, അണ്ണാ ഡിഎംകെ മുന്നണികൾക്ക് പുറമെ വിജയ് പാർട്ടിയായ ടിവികെയും വലിയ വാഗ്ദാനങ്ങളുമായി രംഗത്തുണ്ട്. ഇതോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ വമ്പൻ വാഗ്ദാനങ്ങളുടെ മത്സരമാണ് നടക്കുന്നത്.
ജനക്ഷേമ പദ്ധതികളിലൂടെയും സാമ്പത്തിക സഹായ വാഗ്ദാനങ്ങളിലൂടെയും വോട്ടർമാരെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം. ഈ വമ്പൻ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് സംസ്ഥാന ഖജനാവിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും അത് സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നും പൊതുവെ സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകാറുണ്ടെങ്കിലും ഇത്തരം വാഗ്ദാനങ്ങൾ തമിഴ്‌നാട് രാഷ്ട്രീയത്തിൽ സാധാരണമാണ്. ഇത്തരം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ കാര്യത്തിൽ അടുത്തിടെ സുപ്രീംകോടതി രൂക്ഷമായ വിമർശനം ഉയർത്തിയിരുന്നു.
Content Highlights: AIADMK announces ₹10,000 financial aid per family in Tamil Nadu, plus other welfare schemes. Read about their ambitious election manifesto. Click for details!