ഷണ്മുഖം ഉൾപ്പെടെ 29 പേരെ എ.ഐ.എ.ഡി.എം.കെ.യിൽനിന്ന് പുറത്താക്കി; വിജയ് പ്രഭാവത്തിൽ വീണ് പാർട്ടി

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ. സർക്കാരിന് അനുകൂലമായി വോട്ടുചെയ്തതിനെത്തുടർന്ന് അണ്ണാ ഡി.എം.കെ.യിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാർട്ടി വിപ്പ് ലംഘിച്ച് വോട്ടുചെയ്ത എസ്.പി. വേലുമണി, സി.വി. ഷണ്മുഖം എന്നിവരുൾപ്പെടെ 29 നേതാക്കളെ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി (ഇ.പി.എസ്.) പുറത്താക്കി. മുൻമന്ത്രിമാരായ ആർ. കാമരാജ്, സി. വിജയഭാസ്‌കർ, പി. തങ്കമണി തുടങ്ങി മുതിർന്ന നേതാക്കളും പുറത്താക്കിയവരുടെ പട്ടികയിലുണ്ട്.
234 അംഗങ്ങളുള്ള തമിഴ്നാട് നിയമസഭയിൽ 108 സീറ്റുകൾ നേടിയ വിജയ്‌യുടെ സർക്കാരിന് കേവല ഭൂരിപക്ഷത്തിന് കുറഞ്ഞ സീറ്റുകളേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, മുസ്ലിംലീഗ് എന്നിവരുടെ പിന്തുണയ്ക്കൊപ്പം അണ്ണാ ഡി.എം.കെ.യിലെ വിമത വിഭാഗംകൂടി വോട്ടുചെയ്തതോടെ 144 വോട്ടുകൾ നേടി സർക്കാർ ഭൂരിപക്ഷം തെളിയിച്ചു. അണ്ണാ ഡി.എം.കെ.യുടെ 47 എം.എൽ.എ.മാരിൽ 25 പേരാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം തള്ളി സർക്കാരിനെ പിന്തുണച്ചത്.
തന്നെ പുറത്താക്കാൻ പളനിസ്വാമിക്ക് അധികാരമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് സി.വി. ഷണ്മുഖം രംഗത്തെത്തി. വിശദീകരണംപോലും ചോദിക്കാതെയാണ് നടപടിയെടുത്തത്. ഇത് അസാധുവാണ്. സഖ്യ ചർച്ചകളിലും മറ്റും ഇ.പി.എസ്. ഏകപക്ഷീയമായാണ് തീരുമാനങ്ങൾ എടുക്കുന്നത്. ടി.ടി.വി. ദിനകരനെയും വി.കെ. ശശികലയേയും പാർട്ടിയിലേക്ക് തിരികെ കൊണ്ടുവന്ന് അണ്ണാ ഡി.എം.കെ.യെ ശക്തിപ്പെടുത്തണം. ഇ.പി.എസ്. പാർട്ടിയുടെ അടിസ്ഥാന തത്വങ്ങളിൽനിന്ന് വ്യതിചലിച്ചതായും ഷണ്മുഖം ആരോപിച്ചു.
അതേസമയം, വിമതർക്കെതിരേ കടുത്ത വിമർശനവുമായി പളനിസ്വാമി പക്ഷം തിരിച്ചടിച്ചു. എം.എൽ.എ.മാരെ പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്താണ് വിജയ് പക്ഷം കൂറുമാറ്റിയതെന്ന് ഇ.പി.എസ്. നിയമസഭയിൽ ആരോപിച്ചു. അണ്ണാ ഡി.എം.കെ. ഒറ്റക്കെട്ടായി സർക്കാരിനെ എതിർക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചെങ്കിലും, തൊട്ടുപിന്നാലെ സംസാരിച്ച വേലുമണി ജനവികാരം മാനിച്ചു സർക്കാരിനെ പിന്തുണയ്ക്കുന്നു എന്ന് അറിയിക്കുകയായിരുന്നു. ഈ നീക്കത്തോടെ അണ്ണാ ഡി.എം.കെ.യിലെ പിളർപ്പ് പൂർണമാവുകയും തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സഖ്യസമവാക്യങ്ങൾക്ക് വഴിതുറക്കുകയും ചെയ്തിരിക്കുകയാണ്.
Content Highlights: AIADMK splits following a trust vote in the Tamil Nadu Assembly., 29 senior leaders, including S.P. Velumani and C.V. Shanmugam, expelled by EPS.