അഗ്‌നിപഥ് നിയമനം: ശാരീരികക്ഷമതയിലും എഴുത്തുപരീക്ഷയിലും മാറ്റങ്ങളില്ല

#സ്വന്തം ലേഖകന്‍
പ്രതീകാത്മക ചിത്രം | Mathrubhumi archives
പ്രതീകാത്മക ചിത്രം | Mathrubhumi archives

ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിയില്‍ കരസേനയിലെ നിയമനങ്ങള്‍ക്ക് ശാരീരിക അളവുകള്‍, വൈദ്യപരിശോധന, എഴുത്തുപരീക്ഷ എന്നിവ മുന്‍കാല റിക്രൂട്ട്‌മെന്റിന് സമാനമായി നടക്കും. സൈനികരുടെ മക്കള്‍, എന്‍.സി.സി. കാഡറ്റുകള്‍, ഐ.ടി.ഐ. ഡിപ്ലോമ നേടിയവര്‍, സ്‌കൂള്‍തലംമുതല്‍ അന്താരാഷ്ട്ര തലംവരെ കായികയിനങ്ങളില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്ക് എഴുത്തുപരീക്ഷയില്‍ അഞ്ചുമുതല്‍ 20 മാര്‍ക്കുവരെ ബോണസായി ലഭിക്കും. ഓഗസ്റ്റ് പകുതിമുതല്‍ നവംബര്‍വരെ രാജ്യമെമ്പാടും 83 റിക്രൂട്ട്‌മെന്റ് റാലികള്‍ നടത്തും. സേനയുടെ മെഡിക്കല്‍ വിഭാഗം (ടെക്‌നിക്കല്‍ കേഡര്‍) ഒഴികെയുള്ള മറ്റെല്ലാ ഓഫീസര്‍ ഇതര റെഗുലര്‍ നിയമനങ്ങളും അഗ്‌നിവീരര്‍ക്ക് മാത്രമാകും.

വിദ്യാഭ്യാസ യോഗ്യത

ജനറല്‍ ഡ്യൂട്ടി - പത്താം ക്ലാസില്‍ ആകെ 45 ശതമാനം മാര്‍ക്കുണ്ടാവണം, ഓരോ വിഷയത്തിലും പ്രത്യേകമായി 33 ശതമാനം മാര്‍ക്കും വേണം.

ടെക്‌നിക്കല്‍ - സയന്‍സ് മുഖ്യവിഷയമായി (ഫിസിക്‌സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ്) പഠിച്ച പന്ത്രണ്ടാം ക്ലാസുകാര്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കുണ്ടാവണം. ഓരോ വിഷയത്തിലും പ്രത്യേകമായി 40 ശതമാനംവീതം മാര്‍ക്കും വേണം.

ക്ലാര്‍ക്ക്, സ്റ്റോര്‍കീപ്പര്‍ - പന്ത്രണ്ടാംക്ലാസില്‍ സയന്‍സ്/ ആര്‍ട്‌സ്/ കൊമേഴ്‌സ് എന്നിവയില്‍ ആകെ 60 ശതമാനം മാര്‍ക്കുണ്ടാവണം. ഓരോ വിഷയത്തിലും പ്രത്യേകമായി 50 ശതമാനവും വേണം.

ട്രേഡ്‌സ്മെന്‍-ആകെ മാര്‍ക്ക് എത്ര ശതമാനം വേണമെന്നതില്‍ നിബന്ധനയില്ല. എന്നാല്‍, ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാര്‍ക്കുണ്ടാവണം.

അഗ്‌നിപഥ്: സേനാമേധാവികള്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും

ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മൂന്ന് സേനാമേധാവികള്‍ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. കരസേനാമേധാവി ജനറല്‍ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, വ്യോമസേനാ മേധാവി വി.ആര്‍. ചൗധരി എന്നിവര്‍ വെവ്വേറെയായിരിക്കും പ്രധാനമന്ത്രിയെ കാണുക.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും സേനാമേധാവികളും ഹ്രസ്വകാല സൈനികനിയമനരീതിയായ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തെത്തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളുമുയര്‍ന്ന പശ്ചാത്തലത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അഗ്‌നിവീരര്‍ക്ക് ഇളവുകളും സംവരണങ്ങളുമായി രംഗത്തെത്തിയിരുന്നു. പ്രഖ്യാപനം ഒരാഴ്ച പിന്നിടുന്ന വേളയിലാണ് പ്രധാനമന്ത്രിയുമായുള്ള സേനാമേധാവികളുടെ കൂടിക്കാഴ്ച.

ഇടത് യുവജന പ്രസ്ഥാനങ്ങള്‍ പ്രക്ഷോഭത്തിന്

ന്യൂഡല്‍ഹി: അഗ്‌നിപഥ് വിഷയത്തില്‍ ഒന്നിച്ചുപോരാടാന്‍ തീരുമാനിച്ച് ഇടത് യുവജന, വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍. സി.പി.എമ്മിന്റെയും സി.പി.ഐ.യുടെയും യുവജനസംഘടനകളുടെ ദേശീയനേതാക്കള്‍ ഡല്‍ഹിയില്‍ പ്രാഥമികയോഗം ചേര്‍ന്നു. അഗ്‌നിപഥ് പദ്ധതിക്കെതിരേ ഒരുമിച്ചുനീങ്ങാനും രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തിപ്പെടുത്താനും തീരുമാനമായി.

കര്‍ഷകസമരത്തിന്റെ അനുഭവം മുന്‍നിര്‍ത്തി, തൊഴിലില്ലായ്മ ഉയര്‍ത്തിക്കാട്ടി അഗ്‌നിപഥിനെതിരേ രാജ്യമെമ്പാടും പ്രചാരണം നടത്താനും തത്ത്വത്തില്‍ ധാരണയായി. സംയുക്തസമരത്തിന് ഇടത് യുവജന സംഘടനകളുടെയും വിദ്യാര്‍ഥി സംഘടനകളുടെയും ദേശീയ നേതൃയോഗം ഈയാഴ്ചതന്നെ വിളിച്ചുചേര്‍ക്കും. ചര്‍ച്ചകള്‍ക്ക് യുവജനസംഘടനകളാകും നേതൃത്വം നല്‍കുകയെന്നും പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു.
 

Content Highlights: Agnipath scheme no change in physical test and written examination