തിരുവനന്തപുരം കിന്ഫ്ര പാര്ക്കിലെ സ്ഥാപനത്തില് പൊട്ടിത്തെറി; ആളപായമില്ല, സ്ഥലത്ത് പ്രതിഷേധം

തിരുവനന്തപുരം: തുമ്പ കിന്ഫ്ര പാര്ക്കിലെ കോണ്ക്രീറ്റ് റെഡിമിക്സ് യൂണിറ്റില് പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില് ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്. കൂറ്റന് ടണലിന്റെ മേല്മൂടി അമിത മര്ദത്തെത്തുടര്ന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
അപകടത്തില് ആര്ക്കും പരിക്കില്ല. റെഡിമിക്സ് യൂണിറ്റിലെ യന്ത്രഭാഗങ്ങള് തെറിച്ച് ജനവാസ മേഖലയില് വീണു. സമീപത്തെ മൂന്നു നില വീടിന്റെ ജനലിലാണ് യന്ത്രഭാഗം തെറിച്ചു വീണത്. ഇതോടെ, ജനല് തകര്ന്ന് താഴെ റോഡിലേക്ക് വീഴുകയായിരുന്നു. റോഡില് ആളില്ലാത്തതിനാലാണ് വന് അപകടം ഒഴിവായത്. പൊട്ടിത്തെറിക്ക് പിന്നാലെ സ്ഥലത്ത് പ്രദേശവാസികള് പ്രതിഷേധിച്ചു. കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
Content Highlights: Accident at Kinfra Park, protest at site